ദുബൈ–അബൂദബി ഇത്തിഹാദ് റെയിൽ ടിക്കറ്റ് വിൽപ്പന തുടങ്ങി: സർവീസ് സെപ്റ്റംബർ 30 മുതൽ, യാത്രയ്ക്ക് 57 മിനിറ്റ് മാത്രം

  1. Home
  2. International

ദുബൈ–അബൂദബി ഇത്തിഹാദ് റെയിൽ ടിക്കറ്റ് വിൽപ്പന തുടങ്ങി: സർവീസ് സെപ്റ്റംബർ 30 മുതൽ, യാത്രയ്ക്ക് 57 മിനിറ്റ് മാത്രം

ethihad rail


ദുബൈയിൽ നിന്ന് അബൂദബിയിലേക്കുള്ള ഇത്തിഹാദ് റെയിലിന്റെ യാത്രാ സർവീസുകൾക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. സെപ്റ്റംബർ 30-ന് ഔദ്യോഗികമായി സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് ടിക്കറ്റ് വിൽപ്പന തുടങ്ങിയത്. ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ദുബൈ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സിന് സമീപമുള്ള അൽ യലായിസ് സ്റ്റേഷനിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലേക്കുള്ള ഈ നേരിട്ടുള്ള സർവീസ് വഴി ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാസമയം വെറും 57 മിനിറ്റായി ചുരുങ്ങും. ദുബൈ–അബൂദബി റൂട്ടിൽ കംഫർട്ട് ക്ലാസിന് 39 ദിർഹവും പ്രീമിയം ക്ലാസിന് 109 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. നിലവിൽ സർവീസ് നടത്തുന്ന അബൂദബി–ഫുജൈറ റൂട്ടിലെ കംഫർട്ട് ക്ലാസ് നിരക്ക് 55 ദിർഹമാണ്.

ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷന് സമീപമാണ് പുതിയ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇത് ദുബൈ മെട്രോയുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ യാത്രക്കാരെ സഹായിക്കും. കഴിഞ്ഞ ജൂണിൽ ആരംഭിച്ച അബൂദബി–ഫുജൈറ ആദ്യഘട്ട സർവീസിൽ 70,000-ത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്നു. പുതിയ ദുബൈ–അബൂദബി പാത കൂടി തുറക്കുന്നതോടെ രാജ്യത്തെ നഗരങ്ങൾ തമ്മിലുള്ള യാത്രാബന്ധം കൂടുതൽ ശക്തമാകും.