100 കോടി ദിർഹത്തിന്റെ ബൃഹദ് രാജ്യാന്തര ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി

  1. Home
  2. International

100 കോടി ദിർഹത്തിന്റെ ബൃഹദ് രാജ്യാന്തര ബഹിരാകാശ പദ്ധതി പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി

sheikh hamdan


ആഗോള ബഹിരാകാശ ഗവേഷണ വികസന മേഖലകൾക്ക് ശക്തമായ പിന്തുണ നൽകുന്നതിനും ശാസ്ത്ര സാങ്കേതികവിദ്യകൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിനുമായി 100 കോടി ദിർഹം ചെലവ് വരുന്ന പുതിയ രാജ്യാന്തര ബഹിരാകാശ സഹകരണ പദ്ധതി പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുപ്രീം സ്‌പേസ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ ബൃഹദ് പദ്ധതി പ്രഖ്യാപിച്ചത്.

ദുബായിൽ നടന്ന സുപ്രധാനമായ സുപ്രീം സ്‌പേസ് കൗൺസിൽ യോഗത്തിലാണ് ഈ വൻ നിക്ഷേപ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ബഹിരാകാശ വ്യവസായ രംഗത്തിന്റെ ഭാവി ഡിസൈൻ ചെയ്യാൻ പ്രാപ്തരായ മികച്ച സ്വദേശി പ്രതിഭകളെയും യുവ ശാസ്ത്രജ്ഞരെയും വാർത്തെടുക്കുകയാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും യുഎഇ ലക്ഷ്യമിടുന്നത്.

ലോകത്തിന് മുൻപിൽ യുഎഇയുടെ സ്ഥാനം ദൃഢമാക്കും

അറിവിലും ശാസ്ത്ര നവീകരണത്തിലും അധിഷ്ഠിതമായ ഒരു ഭാവി സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ബഹിരാകാശ മേഖലയ്ക്ക് യുഎഇ എന്നും തന്ത്രപരമായ മുൻഗണനയാണ് നൽകുന്നതെന്ന് പ്രഖ്യാപന വേളയിൽ ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. ഈ രംഗത്ത് ലോകത്തെ മുൻനിര രാജ്യങ്ങൾക്കിടയിൽ യുഎഇയുടെ സ്ഥാനം കൂടുതൽ ദൃഢമാക്കാനാണ് രാജ്യം ശ്രമിക്കുന്നത്. ഭാവി തലമുറകൾക്ക് വലിയ പ്രചോദനമേകുന്ന യുഎഇയുടെ മുൻകാല ബഹിരാകാശ നേട്ടങ്ങളിൽ രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വദേശികളായ യുവാക്കളുടെ കഴിവിനും നൂതന ആശയങ്ങൾക്കും വലിയ പിന്തുണയാണ് യുഎഇ ഭരണകൂടം നൽകുന്നത്. വലിയ ലക്ഷ്യങ്ങളെ വലിയ നേട്ടങ്ങളാക്കി മാറ്റാൻ രാജ്യത്തെ യുവാക്കൾക്ക് സാധിക്കുമെന്നും, അത് ഭൂമിയിലും അതിനപ്പുറത്തും മനുഷ്യരാശിയുടെ മെച്ചപ്പെട്ട ഭാവിക്കായി വലിയ സംഭാവനകൾ നൽകാൻ സഹായിക്കുമെന്നും ഷെയ്ഖ് ഹംദാൻ പ്രത്യാശ പ്രകടിപ്പിച്ചു. 100 കോടി ദിർഹത്തിന്റെ പുതിയ നിക്ഷേപത്തോടെ ആഗോള ബഹിരാകാശ ഭൂപടത്തിൽ യുഎഇയുടെ സാന്നിധ്യം ഇനിയുമേറെ ഉയരങ്ങളിലേക്ക് എത്തുമെന്നാണ് സാമ്പത്തിക-ശാസ്ത്ര വിദഗ്ദ്ധർ വിലയിരുത്തുന്നത്.