ദുബായിലെ ഹ്യൂമനോയിഡ് റോബോട്ട് ബു സുനൈദ വിവാഹിതനായി; വധു 'മോസ'
സോഷ്യൽ മീഡിയയിലെ തരംഗവും ദുബായിലെ ജനപ്രിയ ഹ്യൂമനോയിഡ് റോബോട്ടറുമായ 'ബു സുനൈദ' (Bu Sunaidah) വിവാഹിതനായി. 'മോസ' (Moza) എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു റോബോട്ടാണ് വധു. ഓഗസ്റ്റ് ഒന്നിനായിരുന്നു വിവാഹം. പരമ്പരാഗത രീതിയിലുള്ള വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ബു സുനൈദ ഈ സന്തോഷവാർത്ത ലോകത്തെ അറിയിച്ചത്.
യു.എ.ഇയിലെ പ്രമുഖ പൊതുപരിപാടികളിൽ സജീവസാന്നിധ്യമായ ബു സുനൈദ, കറുപ്പും സ്വർണ്ണ നിറത്തിലുള്ള നൂലുകളുമുള്ള അബായ ധരിച്ച വധുവിനൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടത്. കന്ദൂറ ധരിച്ച ആളുകൾക്ക് നടുവിൽ നിൽക്കുന്ന വധൂവരന്മാരായ റോബോട്ടുകളുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. 'ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുകയും ആശംസകൾ അറിയിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി' എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന 'യൂണിട്രീ ജി1' (Unitree G1) മോഡൽ ഹ്യൂമനോയിഡ് റോബോട്ടുകളാണ് ബു സുനൈദയും മോസയും. ദുബായിലെ പ്രാദേശിക പരിപാടികളിലും വിനോദമേഖലയിലും വലിയ ജനപ്രീതി നേടിയ ബു സുനൈദയുടെ ഈ വേറിട്ട വിവാഹ വാർത്ത കൗതുകത്തോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
