ദുബൈയിലെ സ്കൂൾ ബസ് പൂളിങ് ആദ്യം വരുന്നത് ബർഷയിൽ
ദുബായിലെ സ്കൂളുകളിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'സ്കൂൾ ബസ് പൂളിങ്' സംവിധാനം ആദ്യമായി അൽ ബർഷയിൽ പ്രവർത്തനം ആരംഭിക്കുന്നു. ഒരേ മേഖലയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ ഒന്നിച്ച് കൊണ്ടുപോകുന്ന ഈ സംവിധാനം 'യാംഗോ ഗ്രൂപ്പ്' (Yango Group) ആണ് അവതരിപ്പിക്കുന്നത്. പ്രതിമാസം 1,000 ദിർഹം ആണ് ഈ സേവനത്തിനായി ഈടാക്കുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
14 വയസ്സും അതിനുമുകളിൽ പ്രായവുമുള്ള വിദ്യാർഥികൾക്കാണ് നിലവിൽ ഈ സേവനം ലഭ്യമാകുക. യാത്രാ സൗകര്യത്തിനായി അത്യാധുനിക സൗകര്യങ്ങളുള്ള ആഡംബര എസ്.യു.വികളാണ് (SUVs) ഉപയോഗിക്കുന്നത്. ബ്ലൂം അക്കാദമി, ബ്രൈറ്റൺ കോളജ്, ജെംസ് ഫൗണ്ടേഴ്‌സ് സ്‌കൂൾ, ജെംസ് അൽ ബർഷ നാഷനൽ സ്‌കൂൾ, ദുബായ് അമേരിക്കൻ അക്കാദമി, അമേരിക്കൻ സ്‌കൂൾ ഓഫ് ദുബായ് എന്നീ വിദ്യാലയങ്ങളിലെ കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കുക.
വിദ്യാർഥികളെ വീട്ടിൽ നിന്ന് സ്കൂളിലേക്കും തിരിച്ചും എത്തിക്കുന്നതിനുള്ള സമയം 60 മിനിറ്റിൽ കൂടില്ലെന്ന് യാംഗോ ഗ്രൂപ്പ് ഉറപ്പുനൽകുന്നു. രാവിലെയും വൈകുന്നേരവുമുള്ള സ്കൂൾ സമയങ്ങളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും രക്ഷിതാക്കളുടെ ജോലിഭാരം ലഘൂകരിക്കാനും ഈ സംവിധാനം ഏറെ സഹായകമാകും. വരും മാസങ്ങളിൽ ദുബായിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
