വെള്ളക്കെട്ടിനെ തോൽപിക്കാൻ ദുബൈയുടെ 'സൂപ്പർ വാഹനം'; മിനിറ്റിൽ പമ്പ് ചെയ്ത് നീക്കുക 60,000 ലിറ്റർ വെള്ളം
കനത്ത മഴയെത്തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടുകൾ മിനിറ്റുകൾക്കുള്ളിൽ നീക്കം ചെയ്യാൻ അത്യാധുനിക സജ്ജീകരണങ്ങളുമായി ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). പുതിയതായി വികസിപ്പിച്ച 'റാപ്പിഡ് ഇന്റർവെൻഷൻ വെഹിക്കിൾ' (Rapid Intervention Vehicle) ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ദിവസം സന്ദർശിച്ച് വിലയിരുത്തി. വെള്ളപ്പൊക്ക സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനവും ഗതാഗത പുനഃസ്ഥാപനവും 75 ശതമാനം വേഗത്തിലാക്കാൻ ഈ സ്മാർട്ട് വാഹനത്തിന് സാധിക്കും.
അതിവേഗത്തിലുള്ള പ്രവർത്തനക്ഷമതയാണ് ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകത. ഒറ്റ മിനിറ്റിൽ ഏകദേശം 60,000 ലിറ്റർ വെള്ളം പമ്പ് ചെയ്ത് നീക്കാൻ ഇതിന് ശേഷിയുണ്ട്. അതായത്, 10 സാധാരണ പമ്പുകളോ 25 വാട്ടർ ടാങ്കറുകളോ ചെയ്യുന്ന ജോലി ഈ ഒരൊറ്റ വാഹനം കൊണ്ട് പൂർത്തിയാക്കാം. സെക്കൻഡിൽ 1000 ലിറ്റർ എന്ന വേഗതയിൽ വെള്ളം പമ്പ് ചെയ്യുന്ന ഈ സംവിധാനത്തിന് 1.8 മീറ്റർ വരെ ആഴത്തിലുള്ള വെള്ളക്കെട്ടുകളിൽ പോലും അനായാസം പ്രവർത്തിക്കാൻ സാധിക്കും.
രക്ഷാപ്രവർത്തനത്തിനായി തെർമൽ ഡ്രോണുകളും റെസ്ക്യൂ ബോട്ടും ഈ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ രാത്രികാലങ്ങളിൽ തടസ്സമില്ലാതെ പ്രവർത്തിക്കാൻ ലൈറ്റിങ് ടവറുകളും ബാക്കപ്പ് ജനറേറ്ററുകളും ഇതിലുണ്ട്. സാധാരണ പമ്പുകൾ സ്ഥാപിക്കുന്നതിനുള്ള സമയം ലാഭിക്കാൻ ഹൈഡ്രോളിക് സംവിധാനത്തിലൂടെ എത്തിയ ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നത് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വലിയ തോതിൽ സഹായിക്കും.
