ദുബൈയുടെ 'വർക്ക്-ഫ്രം-പാർക്ക്' പദ്ധതി വൻ വിജയം, കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

  1. Home
  2. International

ദുബൈയുടെ 'വർക്ക്-ഫ്രം-പാർക്ക്' പദ്ധതി വൻ വിജയം, കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

 working Women


ദുബൈ മുനിസിപ്പാലിറ്റി ആരംഭിച്ച 'വർക്ക്-ഫ്രം-പാർക്ക്' പദ്ധതി വൻ വിജയമായതിനെത്തുടർന്ന് എമിറേറ്റിലെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പദ്ധതി ആരംഭിച്ചതു മുതൽ പാർക്കിലെ കോ-വർക്കിങ് സ്‌പേസ് എല്ലാ സമയത്തും പൂർണ്ണമായി ബുക്ക് ചെയ്യപ്പെടുന്ന അവസ്ഥയാണെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഓഫീസ് ഉപദേഷ്ടാവ് മഹ്മൂദ് അൽ ബുറായ് അറിയിച്ചു. തിങ്കളാഴ്ച ബിഗ് 5 ഗ്ലോബൽ മേളയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആളുകളിൽ നിന്ന് കൂടുതൽ കോ-വർക്കിങ് ഇടങ്ങൾക്കായി ആവശ്യം ഉയരുന്ന സാഹചര്യത്തിൽ ദേറ ഉൾപ്പെടെയുള്ള ദുബൈയിലെ മറ്റ് പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ മുനിസിപ്പാലിറ്റി ആലോചിക്കുന്നുണ്ട്.

ജനങ്ങളെ പ്രകൃതിയോട് കൂടുതൽ അടുപ്പിക്കുകയും വർഷം മുഴുവൻ ആളുകളെ പാർക്കുകളിലേക്ക് ആകർഷിക്കുകയും ചെയ്യുക എന്നതാണ് മുനിസിപ്പാലിറ്റിയുടെ പാർക്ക് നയത്തിന്റെ ഭാഗമായ ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ മാസം ആദ്യമാണ് നിർമ്മാണ കമ്പനിയായ ഗ്രൂപ്പ് അമാന, സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്ഠിത കോ-വർക്കിങ് പ്ലാറ്റ്‌ഫോമായ ലെറ്റ്‌സ്‌വർക്ക് എന്നിവരുമായി സഹകരിച്ച് ദുബൈ മുനിസിപ്പാലിറ്റി ഈ പദ്ധതിക്ക് തുടക്കമിട്ടത്.

അൽ ബർഷ പോണ്ട് പാർക്കിലാണ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചത്. മികച്ച സ്ഥാനവും ജോഗിംഗ് ട്രാക്ക്, കുട്ടികളുടെ കളിസ്ഥലം, തടാകം തുടങ്ങിയ വിപുലമായ സൗകര്യങ്ങളും കണക്കിലെടുത്താണ് അൽ ബർഷ പാർക്ക് ഇതിനായി തിരഞ്ഞെടുത്തത്. 50 ദിർഹം മുതലാണ് ഇവിടുത്തെ ഡേ പാസ് നിരക്കുകൾ ആരംഭിക്കുന്നത്. വർക്ക്‌സ്‌പേസ് ഉപയോഗിക്കുന്നതിനൊപ്പം സൗജന്യ കോഫിയും ഈ പാസിൽ ലഭ്യമാണ്. ദിവസവും രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെയാണ് അൽ ബർഷയിലെ ഈ വർക്ക്-ഫ്രം-പാർക്ക് കേന്ദ്രം പ്രവർത്തിക്കുന്നത്.