സൗദിയിൽ ഇന്ന് മുതൽ വാരാന്ത്യം വരെ പൊടിക്കാറ്റിന് സാധ്യത
സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ ഇന്ന് മുതൽ വാരാന്ത്യം വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മക്ക, മദീന, അസീർ, ജിസാൻ എന്നീ പ്രവിശ്യകളിലെ തീരദേശ മേഖലകളെയും ഈ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകളെയുമാണ് പൊടിക്കാറ്റ് പ്രധാനമായും ബാധിക്കുക. ഹൈവേകളിൽ കാറ്റിന്റെ പ്രഭാവം കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ഗതാഗത തടസ്സങ്ങൾക്കും കാഴ്ചപരിധി കുറയുന്നതിനും സാധ്യതയുണ്ട്.
അതേസമയം ജിസാൻ, അസീർ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ കാറ്റോടു കൂടിയ മഴയ്ക്കും കനത്ത വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കണമെന്നും, റോഡുകളിൽ യാത്ര ചെയ്യുന്നവർ ഗതാഗത സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
