ദുബൈയിൽ ഇ-ബൈക്ക് ഡെലിവറി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു
പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ ഏഴ് പ്രമുഖ മേഖലകളിൽ കൂടി ഇ-ബൈക്ക് ഉപയോഗിച്ചുള്ള ഡെലിവറി സേവനം നടപ്പിലാക്കാൻ ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) തീരുമാനിച്ചു. നേരത്തെ ചില കേന്ദ്രങ്ങളിൽ ആരംഭിച്ച പൈലറ്റ് പ്രൊജക്റ്റ് വിജയകരമായതിനെ തുടർന്നാണ് പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.
അൽ തവാർ 1, അൽ തവാർ 2, അൽ ഖിസൈസ് 1, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബുലെവാർഡ്, ദുബൈ മീഡിയ സിറ്റി, ജെ.എൽ.ടി, ദുബൈ മറീന എന്നിവയാണ് പദ്ധതി പുതുതായി നടപ്പിലാക്കുന്ന മേഖലകൾ. ഇ-ബൈക്കുകൾക്കായി പ്രത്യേക പാതകളുള്ളതും റസ്റ്റോറന്റുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സമീപമുള്ളതുമായ പ്രദേശങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
നേരത്തെ വിവിധ ഫ്രീസോണുകളിലും കറാമ, ഹംരിയ, ഉമ്മുഹുറൈർ, മൻഖൂൽ എന്നിവിടങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ ഇ-ബൈക്ക് ഡെലിവറി വിജയകരമായി നടപ്പാക്കിയിരുന്നു.
