ഡിആർ കോംഗോയിൽ എബോള പടരുന്നു; രോഗബാധിതർ 689 ആയി, 139 മരണം
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) എബോള രോഗബാധ അതീവ ഗുരുതരമാകുന്നു. രാജ്യത്ത് സ്ഥിരീകരിച്ച എബോള കേസുകളുടെ എണ്ണം 689 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 139 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വ്യാഴാഴ്ച മാത്രം 17 പുതിയ കേസുകളും അഞ്ച് മരണങ്ങളും പുതുതായി സ്ഥിരീകരിച്ചു. കിഴക്കൻ പ്രവിശ്യകളായ ഇറ്റൂരി, നോർത്ത് കിവു, സൗത്ത് കിവു എന്നിവിടങ്ങളിലാണ് നിലവിൽ രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്.
ഇതിനുപുറമെ എബോളയെന്ന് സംശയിക്കുന്ന 168 കേസുകളും മറ്റ് 64 മരണങ്ങളും നിരീക്ഷണത്തിലാണ്. എബോള ചികിത്സാ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, പ്രതിരോധ സാമഗ്രികളുടെ ലഭ്യതക്കുറവ്, ആവശ്യത്തിന് ധനസഹായം ലഭിക്കാത്തത് എന്നിവയാണ് രോഗവ്യാപനം തടയുന്നതിന് പ്രധാന വെല്ലുവിളിയാകുന്നത്. പ്രത്യേക ചികിത്സയോ ഫലപ്രദമായ വാക്‌സിനോ നിലവിലില്ലാത്ത എബോളയുടെ അപൂർവ്വ വകഭേദമായ ‘ബൂൻഡി ബുഗ്യോ’ (Bundibugyo) ആണ് കോംഗോയിലെ നിലവിലെ വ്യാപനത്തിന് പിന്നിൽ. എബോള വൈറസിന്റെ ആകെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റ് വകഭേദങ്ങൾ.
കോംഗോയുടെ ചരിത്രത്തിലെ പതിനേഴാമത്തെ എബോള രോഗബാധയാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ രാജ്യത്ത് എബോള റിപ്പോർട്ട് ചെയ്തപ്പോൾ 34 പേർ മരണപ്പെട്ടിരുന്നു. മുൻപ് 2018-2020 കാലഘട്ടത്തിലുണ്ടായ ശക്തമായ വ്യാപനത്തിൽ 2300-ഓളം പേർക്കാണ് കോംഗോയിൽ ജീവൻ നഷ്ടമായത്. 1976-ൽ എബോള വൈറസ് കണ്ടെത്തിയതിന് ശേഷം ലോകത്തുണ്ടായ ഏറ്റവും വലിയ വ്യാപനം 2014-2016 കാലത്ത് പടിഞ്ഞാറൻ ആഫ്രിക്കയിലായിരുന്നു. അന്ന് 28,600-ലധികം പേർക്കാണ് രോഗം ബാധിച്ചത്.
