കോംഗോയിൽ എബോള വ്യാപനം രൂക്ഷം; രോഗബാധിതർ 956 ആയി, കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തേക്കാമെന്ന് ആരോഗ്യമന്ത്രി
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) എബോള രോഗബാധ അതീവ ഗുരുതരമായി തുടരുന്നു. രാജ്യത്ത് എബോള ബാധിച്ചവരുടെ ആകെ എണ്ണം 247 മരണങ്ങൾ ഉൾപ്പെടെ 956 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇട്ടൂരി, നോർത്ത് കിവു പ്രവിശ്യകളിൽ വെള്ളിയാഴ്ച മാത്രം 23 പുതിയ കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ രോഗികളിൽ 91 ശതമാനവും ഇട്ടൂരി പ്രവിശ്യയിലാണ്. ഇട്ടൂരിയിൽ മാത്രം ഇതുവരെ 874 കേസുകളും 201 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗപ്രതിരോധ-പരിശോധനാ പ്രവർത്തനങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും രോഗബാധ ഇപ്പോഴും ഉയർന്ന നിരക്കിലാണെന്നും ഡി.ആർ.കോംഗോ ആരോഗ്യ മന്ത്രി റോജർ കാമ്പാ വ്യക്തമാക്കി. മുൻ വർഷങ്ങളെ അപേക്ഷിച്ച് രോഗവ്യാപനത്തിന്റെ വേഗത വളരെ കൂടുതലാണെന്നാണ് അന്താരാഷ്ട്ര ആരോഗ്യ ഏജൻസികളുടെ വിലയിരുത്തൽ.
2000-മാണ്ടിൽ അയൽരാജ്യമായ ഉഗാണ്ടയിലുണ്ടായ എബോള വ്യാപനത്തെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം വേഗതയിലാണ് ഇപ്പോഴത്തെ രോഗവ്യാപനമെന്ന് ആഫ്രിക്ക സി.ഡി.സി (Africa CDC) വ്യക്തമാക്കി. 2000-ൽ ഇതേ ഘട്ടത്തിൽ 281 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് ആഫ്രിക്ക സി.ഡി.സിയിലെ മെഡിക്കൽ എപിഡെമിയോളജിസ്റ്റ് ഡോ. വെസാം മാങ്കൗല പറഞ്ഞു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് നിലവിൽ കേസുകളുടെ എണ്ണത്തിൽ 38 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രത്യേക ചികിത്സയോ കൃത്യമായ വാക്സിനോ നിലവിലില്ലാത്ത എബോളയുടെ അപൂർവ്വ വകഭേദമായ 'ബൂൻഡി ബുഗ്യോ' (Bundibugyo) ആണ് നിലവിലെ വ്യാപനത്തിന് പിന്നിൽ എന്നത് ആശങ്ക ഇരട്ടിയാക്കുന്നു. എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നാണിത്. സൈർ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവയാണ് മറ്റ് വകഭേദങ്ങൾ. മുൻപ് 2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിൽ 28,600-ലധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976-ൽ വൈറസ് കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു അത്. കോംഗോയിൽ 2018-2020 കാലഘട്ടത്തിലുണ്ടായ എബോള ബാധയിൽ 2,300 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
