എബോള ഭീതി: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് വരുന്നവർക്ക് പുതിയ നിബന്ധനകൾ പ്രഖ്യാപിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി
എബോള രോഗബാധയുടെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഒമാനിലെത്തുന്ന യാത്രക്കാർക്ക് പുതിയ യാത്രാ നിബന്ധനകൾ പ്രഖ്യാപിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി ഒമാൻ . ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഇലക്ട്രോണിക് ആരോഗ്യ സ്വയം പ്രഖ്യാപന ഫോം നിർബന്ധമാക്കി.ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, കൂടാതെ കഴിഞ്ഞ 21 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും പുതിയ നിബന്ധന ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. യാത്രയ്ക്ക് മുമ്പ് നിശ്ചിത ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ആരോഗ്യ വിവരങ്ങൾ സമർപ്പിക്കണം.എബോള വ്യാപന സാധ്യതയെ തുടർന്ന് ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോംഗോയിലും ഉഗാണ്ടയിലും 'ബുന്ദിബുഗ്യോ' വൈറസ് വകഭേദം മൂലമുണ്ടാകുന്ന എബോള രോഗബാധ തുടർച്ചയായി പടരുന്നതായും സംശയാസ്പദമായ കേസുകൾ വർധിക്കുന്നതായും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒമാൻ ആരോഗ്യ മന്ത്രാലയവുമായും മെഡിക്കൽ റെസ്‌പോൺസ് സെക്ടറുമായും ഏകോപിപ്പിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി ഈ മുൻകരുതൽ നടപടി സ്വീകരിച്ചത്. രാജ്യത്തേക്ക് രോഗം പ്രവേശിക്കുന്നത് തടയുകയാണ് ലക്ഷ്യം.
