ഡി.ആർ.കോംഗോയിൽ എബോള ഭീതി രൂക്ഷം; മരണസംഖ്യ 5,000 കടന്നു, രോഗവ്യാപനം അതിവേഗത്തിലെന്ന് ഐക്യരാഷ്ട്രസഭ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ വൻതോതിൽ പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധയിൽ മരണസംഖ്യ അയ്യായിരം കവിഞ്ഞു. ഇതുവരെ 10,300 പേർക്ക് രോഗം സ്ഥിരീകരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ 26 പ്രവിശ്യകളിൽ എട്ടെണ്ണത്തിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ രോഗം ബാധിച്ചവരിലെ മരണനിരക്ക് 48.6 ശതമാനമാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
മെയ് മാസത്തിൽ ആരംഭിച്ച രോഗവ്യാപനം ഓഗസ്റ്റോടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ അവസ്ഥയിലേക്ക് കടക്കുകയായിരുന്നു. ഇട്ടൂരി പ്രവിശ്യ കേന്ദ്രീകരിച്ചാണ് വൈറസ് ബാധ ശക്തമായിരിക്കുന്നത്. കൃത്യമായ വാക്സിനോ നിർദ്ദിഷ്ട ചികിത്സയോ ലഭ്യല്ലാത്ത 'ബൂൻഡിബുഗ്യോ' (Bundibugyo) വകഭേദമാണ് രോഗത്തിന് കാരണമായിട്ടുള്ളത്. കോംഗോയ്ക്ക് പുറമെ കെനിയ, ഉഗാണ്ട, നൈജീരിയ എന്നിവിടങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഡി.ആർ. കോംഗോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എബോള വ്യാപനമാണിത്. രോഗ ബാധിതരുടെ രക്തം, മറ്റ് ശരീരസ്രവങ്ങൾ, മാംസം എന്നിവയിലൂടെയാണ് രോഗം മനുഷ്യരിൽ നിന്നും മൃഗങ്ങളിൽ നിന്നും പകരുന്നത്. അവസ്ഥ ഗുരുതരമായതോടെ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കെനിയ ഉൾപ്പെടെയുള്ള രോഗബാധിത പ്രദേശങ്ങളിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
