പ്രവാസികൾക്ക് പെരുന്നാൾ സമ്മാനം; യുഎഇയിൽ വരാനിരിക്കുന്നത് 9 ദിവസത്തെ നീണ്ട അവധി
യുഎഇയിൽ ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പൊതു അവധിക്ക് വഴിയൊരുക്കി ബലിപെരുന്നാൾ (ഈദ് അൽ അദ്‌ഹ) എത്തുന്നു. എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ കണക്കുകൂട്ടലുകൾ പ്രകാരം മേയ് 27-ന് ബലിപെരുന്നാൾ ആരംഭിക്കാനാണ് സാധ്യത. ഇതനുസരിച്ച് ഹജ് കർമ്മത്തിലെ പ്രധാന ചടങ്ങായ അറഫാ ദിനം മേയ് 26-നായിരിക്കും. ചന്ദ്രദർശനത്തിന്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരുമെങ്കിലും പ്രവാസികൾ ഇപ്പോൾ തന്നെ അവധിക്കാല പ്ലാനുകൾ തയ്യാറാക്കിത്തുടങ്ങി.
പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഇത്തവണ ആറോളം ദിവസത്തെ അവധി ലഭിക്കാൻ സാധ്യതയുണ്ട്. മേയ് 26-ന് അറഫാ ദിനത്തിൽ തുടങ്ങുന്ന അവധി ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലെ പെരുന്നാൾ അവധിയോടൊപ്പം ചേരും. തുടർന്നു വരുന്ന ശനി, ഞായർ ദിവസങ്ങളിലെ ആഴ്ചാവസാന അവധി കൂടി കണക്കിലെടുക്കുമ്പോൾ ആകെ ആറ് ദിവസത്തെ വിശ്രമം ലഭിക്കും. മേയ് 25 കൂടി അവധിയായി ക്രമീകരിക്കുന്നവർക്ക് മേയ് 23 മുതൽ 31 വരെ നീളുന്ന ഒൻപത് ദിവസത്തെ ദീർഘമായ അവധിക്കാലം ആസ്വദിക്കാനാകും.
വിദ്യാഭ്യാസ മേഖലയിലുള്ളവർക്കും ഇത്തവണത്തെ കലണ്ടർ ഏറെ സന്തോഷം നൽകുന്നതാണ്. മൂന്നാം അധ്യയന പാദത്തിലെ മിഡ്-ടേം ബ്രേക്ക് പെരുന്നാൾ അവധിയോട് അനുബന്ധിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. മേയ് 25 മുതൽ 29 വരെ സ്കൂളുകൾക്ക് അവധിയായിരിക്കും. ഇതോടെ അധ്യാപകർക്കും വിദ്യാർഥികൾക്കും രണ്ട് ആഴ്ചാവസാന അവധികൾ ഉൾപ്പെടെ തുടർച്ചയായി ഒൻപത് ദിവസത്തെ അവധി ലഭിക്കും. ദുൽഹജ്ജിലെ ഹജ് കർമങ്ങൾ മേയ് 25-ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
