ദുബൈ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കായി ‘ഈദ് ഇൻ ദുബൈ’ സ്പെഷൽ സ്റ്റാമ്പ്
പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി വിമാനത്താവളത്തിൽ എത്തുന്ന വിദേശ യാത്രക്കാർക്കായി ‘ഈദ് ഇൻ ദുബൈ’ (Eid in Dubai) എന്ന പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പ് പദ്ധതിക്ക് തുടക്കം കുറിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ആണ് ഈ വേറിട്ട സ്വീകരണമൊരുക്കുന്നത്. ദുബൈയിൽ വിമാനമിറങ്ങുന്ന ഓരോ യാത്രക്കാരന്റെയും പാസ്‌പോർട്ടുകളിൽ പ്രത്യേക ഈദ് തീമിലുള്ള മനോഹരമായ സ്റ്റാമ്പുകൾ പതിച്ചാണ് ഇമിഗ്രേഷൻ വിഭാഗം അധികൃതർ ഇവരെ സ്വീകരിക്കുന്നത്.
പെരുന്നാൾ അവധിക്കാലം ആഘോഷിക്കാൻ ദുബൈയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് വിമാനത്താവളത്തിൽ വെച്ച് തന്നെ ഉത്സവപ്രതീതി സമ്മാനിക്കുന്നതിനാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ലോകോത്തര ആതിഥ്യമര്യാദയ്ക്ക് പേരുകേട്ട ദുബൈയുടെ ആഗോള പ്രതിച്ഛായ കൂടുതൽ വ്യക്തമാക്കുന്നതിനും സന്ദർശകർക്ക് ഇതൊരു ഓർമ്മച്ചിത്രമാക്കി മാറ്റുന്നതിനും വേണ്ടിയാണ് ഈ പ്രത്യേക സ്റ്റാമ്പ് പതിച്ചു നൽകുന്നത്. പെരുന്നാൾ ദിവസങ്ങളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB) വഴി എത്തുന്ന എല്ലാ യാത്രക്കാർക്കും ഈ സവിശേഷമായ സ്വീകരണം ലഭ്യമാകും.
