ഈദുൽ ഫിത്​ർ: ദുബൈയിൽ മൂന്നുദിവസം പാർക്കിങ്​ സൗജന്യം; മെട്രോയ്ക്കും ട്രാമിനും പ്രത്യേക സമയക്രമം

  1. Home
  2. International

ഈദുൽ ഫിത്​ർ: ദുബൈയിൽ മൂന്നുദിവസം പാർക്കിങ്​ സൗജന്യം; മെട്രോയ്ക്കും ട്രാമിനും പ്രത്യേക സമയക്രമം

dubai metro


ചെറിയ പെരുന്നാൾ പ്രമാണിച്ച് ദുബൈ നഗരത്തിലെ പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ മൂന്ന് ദിവസത്തെ സൗജന്യം പ്രഖ്യാപിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). പെരുന്നാൾ ദിവസം മുതൽ മൂന്നാം ദിവസത്തിന്റെ അവസാനം വരെയാണ് പാർക്കിങ് ഫീസ് ഈടാക്കില്ലെന്ന് അധികൃതർ അറിയിച്ചത്. എന്നാൽ മൾട്ടി സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾക്ക് ഈ ഇളവ് ബാധകമല്ല. നാലാം ദിവസം മുതൽ സാധാരണ പാർക്കിങ് നിരക്കുകൾ പുനരാരംഭിക്കും. മാസപ്പിറവി കാണുന്നതനുസരിച്ച് മാർച്ച് 19 വ്യാഴാഴ്ചയോ 20 വെള്ളിയാഴ്ചയോ ആണ് ഇത്തവണ പെരുന്നാൾ പ്രതീക്ഷിക്കുന്നത്.

പെരുന്നാൾ അവധി കണക്കിലെടുത്ത് ദുബൈ മെട്രോയുടെയും ട്രാമിന്റെയും സമയക്രമത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മെട്രോ റെഡ് ലൈൻ, ഗ്രീൻ ലൈൻ സ്റ്റേഷനുകൾ മാർച്ച് 18 മുതൽ 21 വരെ രാവിലെ 5 മുതൽ അടുത്ത ദിവസം പുലർച്ചെ ഒന്നു വരെ പ്രവർത്തിക്കും. മാർച്ച് 22 ഞായറാഴ്ച രാവിലെ 8 മുതൽ പുലർച്ചെ ഒന്നു വരെയായിരിക്കും മെട്രോ സർവീസ്. ദുബൈ ട്രാമിന്റെ പ്രവർത്തന സമയം മാർച്ച് 18 മുതൽ 21 വരെ രാവിലെ 6 മുതൽ അടുത്ത ദിവസം പുലർച്ചെ ഒന്നു വരെയും, മാർച്ച് 22ന് രാവിലെ 9 മുതൽ പുലർച്ചെ ഒന്നു വരെയും ആയിരിക്കുമെന്നും ആർ.ടി.എ വ്യക്തമാക്കി.

അവധി ദിവസങ്ങളിൽ ചില ബസ് സർവീസുകളുടെ റൂട്ടുകളിലും മാറ്റമുണ്ട്. മാർച്ച് 18 ഉച്ച മുതൽ മാർച്ച് 22 വരെ ഇ100 ബസ് അൽ ഗുബൈബ സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തില്ല. പകരം അബൂദബിയിലേക്ക് പോകാൻ ഇ101 ബസ് ഇബ്​നു ബത്തൂത്ത സ്റ്റേഷനിൽ നിന്ന് ലഭ്യമാകും. മാർച്ച് 19 മുതൽ 22 വരെ ഇ102 ബസ് അൽ ജാഫിലിയയിൽ നിന്ന് മുസഫയിലേക്ക് സർവീസ് നടത്തും. ബസ്, വാട്ടർ ടാക്സി, ഫെറി, അബ്ര എന്നിവയുടെ കൃത്യമായ സമയമറിയാൻ ‘സഹൈൽ’ (S'hail) ആപ്പ് ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.