തുർക്കിയിലെ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി വെടിയുതിർത്തു; അധ്യാപികയുൾപ്പെടെ 9 മരണം

  1. Home
  2. International

തുർക്കിയിലെ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി വെടിയുതിർത്തു; അധ്യാപികയുൾപ്പെടെ 9 മരണം

turkey


തെക്കൻ തുർക്കിയിലെ കഹ്രമൻമരാസ് മേഖലയിലുള്ള അയ്സർ കാലിക് സെക്കൻഡറി സ്കൂളിലുണ്ടായ വെടിവെപ്പിൽ ഒൻപത് മരണം. എട്ട് വിദ്യാർത്ഥികളും ഒരു അധ്യാപികയുമാണ് കൊല്ലപ്പെട്ടത്. ഈ സ്കൂളിലെ തന്നെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആക്രമണം നടത്തിയത്. വെടിവെപ്പിന് പിന്നാലെ അക്രമി സ്വയം വെടിയുതിർത്ത് മരിച്ചതായി പ്രാദേശിക ഗവർണർ അറിയിച്ചു. സംഭവത്തിൽ 13 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

പരുക്കേറ്റവരിൽ ആറുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും തുർക്കി ആഭ്യന്തര മന്ത്രി മുസ്തഫ സിഫ്റ്റ്സി വ്യക്തമാക്കി. പിതാവിന്റെ ഉടമസ്ഥതയിലുള്ള തോക്കുപയോഗിച്ചാണ് വിദ്യാർത്ഥി ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സ്കൂൾ ബാഗിൽ ഒളിപ്പിച്ചു കടത്തിയ തോക്കുമായി രണ്ട് ക്ലാസ് മുറികളിൽ കയറിയ വിദ്യാർത്ഥി സഹപാഠികൾക്കും അധ്യാപികയ്ക്കും നേരെ തുരുതുരെ നിറയൊഴിക്കുകയായിരുന്നു.

രണ്ട് ദിവസത്തിനിടെ തുർക്കിയിലെ സ്കൂളുകളിൽ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. ചൊവ്വാഴ്ച സാൻലിയുർഫ പ്രവിശ്യയിലെ ഹൈസ്കൂളിൽ ഒരു പൂർവ്വ വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ 16 പേർക്ക് പരുക്കേറ്റിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ തുർക്കിയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. രാജ്യത്തെ സ്കൂളുകളുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും തോക്ക് ഉപയോഗത്തെക്കുറിച്ചും വലിയ ചർച്ചകൾക്ക് ഈ ദാരുണ സംഭവം വഴിതുറന്നു.