കിങ് ഫഹദ് കോസ്‌വേയിൽ ഇനി ഇലക്ട്രിക് സ്കൂട്ടർ 'റൗണ്ട്സ്'; യാത്രാ നടപടികൾ വേഗത്തിലാക്കാൻ ജവാസാത്ത്

  1. Home
  2. International

കിങ് ഫഹദ് കോസ്‌വേയിൽ ഇനി ഇലക്ട്രിക് സ്കൂട്ടർ 'റൗണ്ട്സ്'; യാത്രാ നടപടികൾ വേഗത്തിലാക്കാൻ ജവാസാത്ത്

cosway


സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയിൽ യാത്രാ നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ പുത്തൻ നീക്കവുമായി പാസ്‌പോർട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്). ഇതിന്റെ ഭാഗമായി അതിർത്തിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ ജവാസാത്ത് അവതരിപ്പിച്ചു. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും യാത്രാ നടപടികൾ സുഗമമാക്കുന്നതിനാണ് ഈ പദ്ധതിയിലൂടെ പ്രഥമ പരിഗണന നൽകുന്നത്.

നടക്കാൻ പ്രയാസമനുഭവിക്കുന്ന മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും വിമാനത്താവളങ്ങളിലെ മാതൃകയിൽ സ്കൂട്ടറുകൾ വഴി അതിവേഗ സേവനം ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കും. ഇതിനു പുറമെ, കോസ്‌വേയിലെ ട്രാവൽ ലൈനുകളിലും ഗേറ്റുകളിലും വാഹനങ്ങളുടെ നീക്കം നിയന്ത്രിക്കാനും ക്രമീകരിക്കാനും ജവാസാത്ത് ഉദ്യോഗസ്ഥർ ഈ സ്കൂട്ടറുകൾ ഉപയോഗിക്കും. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഉദ്യോഗസ്ഥർക്ക് അതിവേഗം സ്ഥലത്തെത്താനും നടപടികൾ പൂർത്തിയാക്കാനും ഇത് കൂടുതൽ കരുത്തേകും.

രാജ്യത്തെ പാസ്‌പോർട്ട് വിഭാഗം നടപ്പിലാക്കുന്ന സ്മാർട്ട് സൊല്യൂഷനുകളുടെ ഭാഗമായാണ് ഇലക്ട്രിക് സ്കൂട്ടറുകൾ അതിർത്തിയിൽ എത്തിച്ചിരിക്കുന്നത്. യാത്രാ നടപടികളിലെ വേഗത വർധിപ്പിക്കാനും സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി വരും ദിവസങ്ങളിൽ രാജ്യത്തെ മറ്റ് അതിർത്തി പോർട്ടുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ജവാസാത്ത് അധികൃതർ അറിയിച്ചു.