ദുബൈയിൽ വെറും 8 മിനിറ്റിൽ ഇലക്ട്രിസിറ്റി-വാട്ടർ സെക്യൂരിറ്റി ‍ഡിപ്പോസിറ്റ് അക്കൗണ്ടിലെത്തും

  1. Home
  2. International

ദുബൈയിൽ വെറും 8 മിനിറ്റിൽ ഇലക്ട്രിസിറ്റി-വാട്ടർ സെക്യൂരിറ്റി ‍ഡിപ്പോസിറ്റ് അക്കൗണ്ടിലെത്തും

DEWA


ദുബൈയിൽ താമസസ്ഥലം മാറുമ്പോഴോ കണക്ഷൻ വിച്ഛേദിക്കുമ്പോഴോ ലഭിക്കേണ്ട സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക ഇനി മിനിറ്റുകൾക്കുള്ളിൽ ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തും. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) തങ്ങളുടെ റീഫണ്ട് നടപടിക്രമങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ വെറും 8 മിനിറ്റിലേക്ക് ചുരുക്കി. മുമ്പ് നാല് ദിവസത്തോളം എടുത്തിരുന്ന ഈ സേവനമാണ് ഇപ്പോൾ റെക്കോർഡ് വേഗത്തിലാക്കിയിരിക്കുന്നത്.

4000 ദിർഹം വരെയുള്ള റീഫണ്ട് അപേക്ഷകളാണ് ഈ അതിവേഗ സംവിധാനത്തിലൂടെ കൈകാര്യം ചെയ്യുന്നത്. നിലവിലെ അപേക്ഷകളിൽ 90 ശതമാനവും ഈ പരിധിയിൽ വരുന്നവയാണെന്ന് അതോറിറ്റി വ്യക്തമാക്കി. ഉപഭോക്താക്കളുടെ ഇന്റർനാഷണൽ ബാങ്ക് അക്കൗണ്ട് നമ്പറുകൾ (IBAN) വഴി തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് സുരക്ഷിതമായി എത്തും. നേരത്തെ 30 മിനിറ്റായി ചുരുക്കിയ നടപടിക്രമമാണ് ഇപ്പോൾ എട്ട് മിനിറ്റെന്ന റെക്കോർഡ് വേഗത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഓഫീസ് സമയപരിധിയില്ലാതെ ദിവസത്തിൽ 24 മണിക്കൂറും ഈ സേവനം ലഭ്യമാകും.

2026 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം DEWA ഉപഭോക്താക്കളുടെ എണ്ണം 13.4 ലക്ഷം കടന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉപഭോക്താക്കളുടെ എണ്ണത്തിൽ 5.08 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം 37 ലക്ഷം ഡിജിറ്റൽ ഇടപാടുകളാണ് അതോറിറ്റി വിജയകരമായി പൂർത്തിയാക്കിയത്. ദുബൈയുടെ സ്മാർട്ട് സിറ്റി ലക്ഷ്യങ്ങളിലേക്കുള്ള വലിയൊരു ചുവടുവെപ്പായാണ് ഈ പുതിയ സാങ്കേതിക പരിഷ്കാരം വിലയിരുത്തപ്പെടുന്നത്.