വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു; അൽ ഐനിൽ എട്ടുവയസ്സുകാരന് ദാരുണാന്ത്യം

  1. Home
  2. International

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു; അൽ ഐനിൽ എട്ടുവയസ്സുകാരന് ദാരുണാന്ത്യം

waleed


അൽ ഐനിൽ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദ് എന്ന ബാലനാണ് മരിച്ചത്. പുതിയ അധ്യയന വർഷത്തിനായി സ്‌കൂൾ ബാഗും പഠനോപകരണങ്ങളും ഒരുക്കി, കായിക യൂണിഫോം വാങ്ങാൻ പോകാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്.

വീടിനടുത്തുള്ള പാർക്കിൽ സഹോദരനും കൂട്ടുകാർക്കുമൊപ്പം കളിക്കാനിറങ്ങിയതായിരുന്നു വലീദ്. കൂട്ടുകാരിലൊരാൾ സമീപത്തെ വാട്ടർ കൂളറിൽ നിന്ന് വെള്ളം കുടിക്കാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീഴുന്നത് കണ്ട്, തമാശയാണെന്ന് കരുതി അടുത്തേക്ക് ചെന്ന വലീദ് കൂളറിൽ തൊട്ട ഉടൻ വൈദ്യുതാഘാതമേറ്റ് വീഴുകയായിരുന്നു. സഹോദരൻ ഓടിയെത്തി മാതാപിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് പൊതുസ്ഥലങ്ങളിലും വീടുകൾക്ക് പുറത്തുമുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും വാട്ടർ കൂളറുകളുടെയും സുരക്ഷ കർശനമായി ഉറപ്പാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വലീദിന്റെ വേർപാടിൽ സ്‌കൂൾ അധികൃതരും അധ്യാപകരും അനുശോചനം രേഖപ്പെടുത്തി.