ഗൂഗിളില്‍ നിന്ന് ജീവനക്കാരനെ പുറത്താക്കി; പിന്നാലെ 250 ജീവനക്കാര്‍ ഇറങ്ങി പോയി

  1. Home
  2. International

ഗൂഗിളില്‍ നിന്ന് ജീവനക്കാരനെ പുറത്താക്കി; പിന്നാലെ 250 ജീവനക്കാര്‍ ഇറങ്ങി പോയി

google


ഗൂഗിളില്‍ നിന്ന് ജീവനക്കാരനെ പുറത്താക്കിയതിന് പിന്നാലെ ഇറങ്ങി പോയി 250ഓളം ജീവനക്കാര്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലാണ് സംഭവിച്ചത്. അതേസമയം ലോകവ്യാപകമായി ഗൂഗിള്‍ ജീവനക്കാരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ഇറങ്ങി പോയതെന്നാണ് പറയുന്നത്. കൂടുതല്‍ പുറത്താക്കലില്‍ നിന്ന് ഗൂഗിള്‍ വിട്ടുനില്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം.

ജനുവരി മാസത്തില്‍ ഗൂഗിളിന്റെ പേരന്റ് കമ്പനിയായ ആല്‍ഫബെറ്റ് പന്ത്രണ്ടായിരം ജീവനക്കാരെ പുറത്താക്കുന്നതായി അറിയിച്ചിരുന്നു. യുഎസ്സിലും കാനഡയിലും ഉള്ളവരെ ഇത് നേരത്തെ അറിയിച്ചിരുന്നു. മറ്റുള്ളവരെ സൂചന പോലും നല്‍കാതെയാണ് പുറത്താക്കുന്നത്.

ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും ഗൂഗിള്‍ യാതൊരു മുന്നറിയിപ്പ് നല്‍കാതെയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. അതേസമയം മറ്റ് രാജ്യങ്ങളില്‍ എത്ര പേരെ പുറത്താക്കിയെന്ന് ഇതുവരെ കൃത്യമായി വ്യക്തമായിട്ടില്ല. ഗൂഗിള്‍ നേതൃത്വത്തെ തന്നെ ആകെ അമ്പരപ്പിച്ച നീക്കമാണ് സൂറിച്ചില്‍ നടന്നത്.

വലിയ പ്രതിഷേധമാണ് ജീവനക്കാര്‍ നടത്തിയത്. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ടായിരുന്നു ഇവര്‍ ഇറങ്ങിപ്പോയത്. കൃത്യമായ കാരണങ്ങള്‍ ഒന്നുമില്ലാതെ പിരിച്ചുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇവര്‍ പറഞ്ഞു. ജീവനക്കാരുമായി സംസാരിച്ച് ഒരു തീരുമാനത്തിലെത്താന്‍ ഗൂഗിള്‍ ശ്രമിക്കണമെന്ന് ജീവന്ക്കാര്‍ ആവശ്യപ്പെട്ടു.

ഗൂഗിള്‍ ജീവനക്കാരുമായി ചര്‍ച്ചകള്‍ നടത്തണം. പിരിച്ചുവിടുന്നതിന് പകരം മറ്റ് വഴികള്‍ കമ്പനി ആലോചിക്കണം. ഒഴിവാക്കാനാവാത്തതാണ് ഈ പ്രശ്‌നമെങ്കില്‍, അതിലൂടെ വരുന്ന ആഘാതം കുറയ്ക്കാന്‍ കമ്പനി ശ്രമിക്കണം. അതിനായി ഒരു സാമൂഹിക പദ്ധതി തന്നെ കൊണ്ടുവരണം. യൂറോപ്പ്യന്‍ യൂണിയനില്‍ അല്ലാതെയുള്ള ജീവനക്കാര്‍ ധാരാളം സ്വിറ്റ്‌സര്‍ലന്‍ഡിലുണ്ട്.

ഇവരെ പിരിച്ചുവിട്ടാല്‍ അവര്‍ക്ക് ഇവിടെ തുടരാനാവില്ല. അവര്‍ക്ക് റെസിഡന്റ് വിസ തന്നെ ഇല്ലാതാവുമെന്നും ജീവനക്കാര്‍ ഉന്നയിച്ചു. സ്വിസ് ട്രേഡ് യൂണിയനായ സിന്റികോമാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗൂഗിള്‍ സൂറിച്ചില്‍ ഇവര്‍ക്ക് ഒരുപാട് ജീവനക്കാരുമുണ്ട്.