ആശങ്കകൾക്ക് വിരാമം;അൽഹിന്ദ് കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കും

  1. Home
  2. International

ആശങ്കകൾക്ക് വിരാമം;അൽഹിന്ദ് കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കും

passport


പ്രവാസികളുടെ ആശങ്കകൾക്ക് വിരാമം ഇട്ടുകൊണ്ട് യു.എ.ഇ.യിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനം ഇന്ന് മുതൽ അൽഹിന്ദ് കേന്ദ്രങ്ങൾ വഴിയാകും. ഇതോടെ എംബസിയും കോൺസുലേറ്റും നേരിട്ട് അപേക്ഷസ്വീകരിക്കുന്നത് നിർത്തിവെച്ചു. സേവനങ്ങൾക്ക് അപ്പോയ്ന്റ്‌മെന്റെടുക്കാൻ പുതിയ വെബ്‌സൈറ്റും പ്രഖ്യാപിച്ചിട്ടുണ്ട്.

consularsevainuae.com എന്ന വെബ്‌സൈറ്റ് വഴിയാണ് ഇനി അപ്പോയ്ന്റ്‌മെന്റ് എടുക്കേണ്ടത്. രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെ അപ്പോയ്ന്റ്‌മെന്റ് എടുക്കാൻ സൗകര്യമുണ്ടാകും. യു.എ.ഇ.യുടെ വിവിധ എമിറേറ്റുകളിലെ അൽഹിന്ദ് ഗ്ലോബൽ കേന്ദ്രങ്ങൾ വഴിയാണ് സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കേണ്ടത്.

ഇതിനായി 16 കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. അപ്പോയ്ന്റ്‌മെന്റ് സമയത്തിന് 15 മിനിറ്റ് മുൻപാണ് സേവനകേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക. രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെയാണ് അപേക്ഷ സ്വീകരിക്കുക.

ജൂലായ് ഒന്നു മുതൽ പുതുക്കിയ പാസ്‌പോർട്ട് സേവനനിരക്കാണ് ഇവിടെ ഈടാക്കുക. 19 ദിർഹം (498 രൂപ) സർവീസ് ചാർജും ഇവിടെ അധികം ഈടാക്കും. ഫോം പൂരിപ്പിക്കൽ, ഫോട്ടോഗ്രാഫ്, ടൈപ്പിങ്, കൂറിയർ, ഫോട്ടോകോപ്പി തുടങ്ങി അവശ്യസേവനങ്ങൾ ഉൾപ്പെടെയാണ് ഈ സർവീസ് ചാർജെന്ന് അബുദാബി ഇന്ത്യൻ എംബസി അറിയിച്ചു. തത്കാൽ പാസ്‌പോർട്ട്, നവജാത ശിശുക്കൾക്കുള്ള പാസ്‌പോർട്ട്, 60 വയസ്സ് പിന്നിട്ടവർക്കുള്ള പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് അപ്പോയ്ന്റ്‌മെന്റില്ലാതെ സേവനകേന്ദ്രങ്ങളിൽ നേരിട്ടെത്താമെന്നും എംബസി അറിയിച്ചു.

സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ തത്കാലത്തേക്ക് പുതിയ ഏജൻസിയെ സർവീസ് ഏൽപ്പിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശത്തിന് പിന്നാലെയാണ് അൽഹിന്ദിനെ സേവനം ഏൽപ്പിക്കുന്നത്. മൂന്നുമാസത്തിനകം പുതിയ ഏജൻസിയെ കണ്ടെത്താൻ ടെൻഡർ നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്