ഊർജ സുരക്ഷ ലക്ഷ്യം; കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ഖത്തറിൽ
ഇന്ത്യയുടെ ഊർജ ഇറക്കുമതി ഉറപ്പാക്കുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ഖത്തറിൽ. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ദോഹയിലെത്തിയ അദ്ദേഹത്തിന് ഇന്ത്യൻ അംബാസഡർ വിപുലും ഖത്തർ എനർജിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരണം നൽകി. ഖത്തറിൽ നിന്നുള്ള എൽഎൻജി (LNG), എൽപിജി (LPG) വിതരണം സുഗമമാക്കുന്നതിനെക്കുറിച്ചുള്ള നിർണ്ണായക ചർച്ചകളാണ് സന്ദർശനത്തിന്റെ പ്രധാന അജണ്ട.
പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ഊർജ വിതരണ ശൃംഖലയെ ബാധിച്ച പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പുനരാരംഭിക്കാൻ ഇറാൻ സമ്മതിച്ച സാഹചര്യത്തിൽ, മുടങ്ങിക്കിടക്കുന്ന എൽഎൻജി നീക്കം പുനഃസ്ഥാപിക്കാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇന്ത്യയുടെ പ്രകൃതി വാതക ആവശ്യത്തിന്റെ 60 ശതമാനത്തോളം ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത് എന്നത് ഈ സന്ദർശനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ എൽഎൻജി പങ്കാളിയാണ് ഖത്തർ. കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യ ഇറക്കുമതി ചെയ്ത 27 ദശലക്ഷം ടൺ എൽഎൻജിയിൽ 11.2 ദശലക്ഷവും ഖത്തറിൽ നിന്നായിരുന്നു. കൂടാതെ, ഖത്തർ എനർജിയുമായി പ്രതിവർഷം 8.5 ദശലക്ഷം ടണ്ണിന്റെ ദീർഘകാല കരാറും ഇന്ത്യക്കുണ്ട്. യുദ്ധം ആരംഭിച്ച ശേഷം പേർഷ്യൻ ഗൾഫിൽ നിന്ന് എട്ട് എൽപിജി ടാങ്കറുകൾ ഇന്ത്യയിലെത്തിയെങ്കിലും എൽഎൻജി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഈ തടസ്സങ്ങൾ നീക്കി പാചകവാതക വിതരണം സുഗമമാക്കാനാണ് ഇന്ത്യയുടെ നീക്കം.
