ഏകാന്ത തടവിലല്ലെന്ന് ഉറപ്പാക്കണം, പത്രങ്ങൾ നൽകണം: ഇമ്രാൻ ഖാനും ഭാര്യയ്ക്കും ആശ്വാസവിധിയുമായി ഇസ്ലാമാബാദ് ഹൈക്കോടതി

  1. Home
  2. International

ഏകാന്ത തടവിലല്ലെന്ന് ഉറപ്പാക്കണം, പത്രങ്ങൾ നൽകണം: ഇമ്രാൻ ഖാനും ഭാര്യയ്ക്കും ആശ്വാസവിധിയുമായി ഇസ്ലാമാബാദ് ഹൈക്കോടതി

imran khan


പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ഏകാന്ത തടവ് നൽകരുതെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി (ഐ.എച്ച്.സി). ജയിൽ നിയമങ്ങൾ പാലിച്ചുകൊണ്ട് ഇമ്രാൻ ഖാന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാനും കോടതി ജയിൽ അധികൃതർക്ക് കർശന നിർദ്ദേശം നൽകി. ജസ്റ്റിസ് ഖാദിം ഹുസൈൻ സൂമ്രോയാണ് ഹർജിയിൽ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനും ബുഷ്‌റ ബീബിയുടെ മകൾ മുബഷ്‌റ ഖാവറും നൽകിയ ഹർജികളിലാണ് വിധി. കുടുംബാംഗങ്ങൾക്ക് ഇരുവരെയും സന്ദർശിക്കാൻ അനുമതി നൽകാനും ഇമ്രാൻ ഖാന് വിദേശത്തുള്ള മക്കളുമായി ഫോണിൽ സംസാരിക്കാൻ സൗകര്യമൊരുക്കാനും കോടതി ആവശ്യപ്പെട്ടു. കൂടാതെ ദിനപത്രങ്ങളും പുസ്തകങ്ങളും വായിക്കാൻ നൽകാനും ഉത്തരവിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ റാവൽപിണ്ടിയിലെ അഡിയാല ജയിൽ സൂപ്രണ്ടിനോട് കോടതി നിർദ്ദേശിച്ചു.

അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് 2023 ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാൻ ഖാനും ബുഷ്‌റ ബീബിയും കഴിയുന്നത്. ജയിലിൽ പ്രാഥമിക സൗകര്യങ്ങളോ വൈദ്യസഹായമോ ലഭിക്കുന്നില്ലെന്ന കുടുംബത്തിന്റെ പരാതിക്കിടെയാണ് കോടതി ഇടപെടൽ.