ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്കിൽ പ്രവേശന ഫീസ് ഏർപ്പെടുത്തി
അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്കിൽ പ്രവേശന ഫീസ് ഏർപ്പെടുത്തി. യുഎഇ ഐഡിയുള്ളവർക്ക് 5 ദിർഹവും വിനോദസഞ്ചാരികൾക്ക് 10 ദിർഹവുമാണ് നിരക്ക്. 60 വയസ്സിന് മുകളിലുള്ളവർക്കും 3 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ്. ടിക്കറ്റുകൾ ഔദ്യോഗിക വെബ്‌സൈറ്റ് (www.szgmc.gov.ae) വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. കൂടാതെ 'ദിയ' ഡിജിറ്റൽ പ്രദർശനത്തിനും 'ലൈറ്റ് ആൻഡ് പീസ്' മ്യൂസിയത്തിനും 25 ദിർഹം വീതവും കോംബോ പാസിന് 40 ദിർഹവുമാണ് നിരക്ക്.
2026-ന്റെ ആദ്യ പകുതിയിൽ 31,27,607 പേരാണ് മോസ്ക് സന്ദർശിച്ചത്. ഇതിൽ 18.4 ലക്ഷത്തോളം ആരാധനക്കാരും 12.4 ലക്ഷത്തിലധികം വിദേശ സഞ്ചാരികളും ഉൾപ്പെടുന്നു. സന്ദർശിച്ച വിദേശികളിൽ 21 ശതമാനവുമായി ഇന്ത്യക്കാരാണ് ഒന്നാമതുള്ളത്. ചൈന (10%), റഷ്യ (8%), യുഎസ്എ (7%), ജർമനി (4%) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ.
