ഇത്തിഹാദ് റെയിലിൽ എത്തുന്നവർക്ക് യാസ് ഐലന്റിലേക്ക് ഇനി സൗജന്യ യാത്ര
ഇത്തിഹാദ് റെയിൽ വഴി എത്തുന്ന യാത്രികർക്ക് യാസ് ഐലന്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇനി സൗജന്യമായി യാത്ര ചെയ്യാം. ഇതിനായി പ്രമുഖ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനിയായ മിറാലുമായി ഇത്തിഹാദ് റെയിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. റെയിൽവേ നെറ്റ്‌വർക്ക് നിലവിൽ വരുന്നതോടെ അബൂദബിയിലെ 'മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ' ഇറങ്ങുന്ന യാത്രക്കാർക്ക് 'യാസ് എക്‌സ്പ്രസ്' സൗജന്യ ഷട്ടിൽ ബസ് സർവീസ് പ്രയോജനപ്പെടുത്തി യാസ് ഐലന്റിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലേക്ക് നേരിട്ട് എത്തിച്ചേരാനാകും.
ഫെറാറി വേൾഡ്, യാസ് വാട്ടർ വേൾഡ്, വാർണർ ബ്രോസ് വേൾഡ്, സീ വേൾഡ് തുടങ്ങിയ പ്രധാന തീം പാർക്കുകളിലേക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഭാവിയിൽ ഡിജിറ്റൽ സംവിധാനങ്ങൾ വഴി ട്രെയിൻ, ബസ് യാത്രകൾ കൂടുതൽ സുഗമമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ഇതുകൂടാതെ, വാർണർ ബ്രോസ് വേൾഡിൽ 2029-ഓടെ മൂന്ന് പുതിയ 'ഹാരി പോട്ടർ' തീം ലാന്റുകൾ കൂടി ആരംഭിക്കുമെന്ന് മിറാൽ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1,200 കോടിയലധികം ദിർഹമിന്റെ നിക്ഷേപമാണ് യാസ് ഐലന്റിന്റെ വികസനത്തിനായി മിറാൽ നടത്തുന്നത്.
