ഇത്തിഹാദ് റെയിൽ: യാത്രാ ഇളവുകൾ പ്രഖ്യാപിച്ചു; കുട്ടികൾക്ക് സൗജന്യം, മുതിർന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യം
ജൂൺ 30-ന് സർവീസ് ആരംഭിച്ച ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളിൽ യാത്രക്കാർക്കായി ആകർഷകമായ നിരക്കിളവുകൾ പ്രഖ്യാപിച്ചു. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായും, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവിലും യാത്ര ചെയ്യാം. സർവീസ് ആരംഭിച്ചതിന്റെ ഭാഗമായി നിലവിൽ മുതിർന്നവർക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം പ്രത്യേക ഇളവ് നൽകുന്നുണ്ട്. ഇതനുസരിച്ച് 109 ദിർഹമിന്റെ കംഫർട്ട് ക്ലാസ് ടിക്കറ്റ് 55 ദിർഹമിനും 239 ദിർഹമിന്റെ പ്രീമിയം ക്ലാസ് ടിക്കറ്റ് 120 ദിർഹമിനും ഇപ്പോൾ ലഭ്യമാണ്.
17 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിന്റെ പകുതി തുക നൽകിയാൽ മതിയാകും. 14 വയസ്സിൽ താഴെയുള്ളവർ മുതിർന്നവരുടെ കൂടെ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ മടിയിലിരുന്ന് സൗജന്യമായി യാത്ര ചെയ്യാം; എന്നാൽ ഇവർക്കായി പ്രത്യേക സീറ്റ് ആവശ്യമുണ്ടെങ്കിൽ 'ചൈൽഡ് ടിക്കറ്റ്' എടുക്കേണ്ടതുണ്ട്. 60 വയസ്സിന് മുകളിലുള്ളവർ ഇളവ് ലഭിക്കുന്നതിനായി പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ യാത്രയിൽ കരുതണം.
യാത്രക്കാർക്കായി സേവർ, വാല്യൂ, ഫ്ലെക്സ് എന്നിങ്ങനെ മൂന്ന് തരം ടിക്കറ്റ് ബുക്കിങ് രീതികളാണുള്ളത്. സേവർ ടിക്കറ്റുകളിൽ റീഫണ്ട് ലഭിക്കില്ല, തീയതിയോ സമയമോ മാറ്റാനും സാധിക്കില്ല. വാല്യൂ ടിക്കറ്റുകളിൽ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് വരെ സമയം മാറ്റാം, എന്നാൽ റീഫണ്ട് ലഭിക്കില്ല. ഫ്ലെക്സ് ടിക്കറ്റുകളിൽ 24 മണിക്കൂറിന് മുമ്പ് റദ്ദാക്കിയാൽ പൂർണ്ണ റീഫണ്ട് ലഭിക്കും, 24 മണിക്കൂറിന് ശേഷമാണെങ്കിൽ 30 ശതമാനം തുക തിരികെ ലഭിക്കും. ഏത് കാറ്റഗറിയിലാണെങ്കിലും സ്റ്റേഷൻ മാറ്റാൻ സാധിക്കില്ലെന്നും ഇത്തിഹാദ് റെയിൽ അധികൃതർ അറിയിച്ചു.
