ഇത്തിഹാദ് റെയിൽ; ദുബൈ-അബൂദബി റൂട്ടിൽ പ്രതിദിനം 10 സർവീസുകൾ
ദുബൈയിലെ അൽ യലായിസ് സ്റ്റേഷൻ പ്രവർത്തനസജ്ജമാകുന്നതോടെ ദുബൈയ്ക്കും അബൂദബിക്കുമിടയിൽ പ്രതിദിനം 10 ട്രെയിൻ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുമെന്ന് ഇത്തിഹാദ് റെയിൽ. കൂടാതെ അബൂദബിക്കും ഫുജൈറക്കുമിടയിൽ പ്രതിദിനം ആറു സർവീസുകളും ഉണ്ടാകും. ദുബൈയിൽ നിന്ന് അബൂദബിയിലേക്ക് 64 മിനിറ്റും ഫുജൈറയിലേക്ക് 70 മിനിറ്റുമാണ് യാത്രാസമയം. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച അബൂദബി-ഫുജൈറ സർവീസ് ഇതുവരെ ഒന്നര ലക്ഷത്തിലധികം യാത്രക്കാർ ഉപയോഗപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
ഘട്ടം ഘട്ടമായാണ് ഇത്തിഹാദ് റെയിൽ യാത്രാ ശൃംഖല വിപുലീകരിക്കുന്നത്. മദീനത്ത് സായിദ്, ലീവ സ്റ്റേഷനുകൾ നവംബർ 30-നും അൽ ദഫ്രയിലെ മറ്റ് സ്റ്റേഷനുകൾ ഡിസംബർ 30-നും പ്രവർത്തനസജ്ജമാകും. ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ 2027 മാർച്ച് 30-ഓടെ തുറക്കും. ഒമാനുമായി ബന്ധിപ്പിക്കുന്ന ‘ഹഫീത്ത് റെയിൽ’ പദ്ധതിയിലൂടെ അതിർത്തി കടന്നുള്ള ഗതാഗത സൗകര്യവും ഇത്തിഹാദ് റെയിൽ ലക്ഷ്യമിടുന്നുണ്ട്.
