ഇത്തിഹാദ് റെയിൽ; ടിക്കറ്റ് നിരക്കുകളും ഇളവുകളും പ്രഖ്യാപിച്ചു
യു.എ.ഇയിൽ ഈ ആഴ്ച സർവീസ് ആരംഭിച്ച ഇത്തിഹാദ് റെയിൽ (Etihad Rail) പാസഞ്ചർ ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകളും ഇളവുകളും സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. സർവീസ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പതിനായിരത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞ ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് യാത്രക്കാർക്കായുള്ള പ്രത്യേക ചാർട്ടർ പ്രസിദ്ധീകരിച്ചത്.
ടിക്കറ്റ് നിരക്കുകളും ഇളവുകളും
- മുതിർന്നവർ (18 - 59 വയസ്സ്): ലോഞ്ച് ഓഫറിന്റെ ഭാഗമായി നിലവിൽ 50 ശതമാനം ഇളവിലാണ് ടിക്കറ്റ് വിൽപന. കംഫർട്ട് ക്ലാസ് സീറ്റുകൾ 55 ദിർഹം മുതലും പ്രീമിയം ക്ലാസ് സീറ്റുകൾ 120 ദിർഹം മുതലും ലഭ്യമാണ്. ഓഫർ അവസാനിക്കുന്നതോടെ സാധാരണ നിരക്ക് ബാധകമാകും.
- കുട്ടികൾ (17 വയസ്സിന് താഴെ): സാധാരണ ടിക്കറ്റ് നിരക്കിന്റെ പകുതി (50%) മാത്രം നൽകിയാൽ മതിയാകും. 14 വയസ്സിന് താഴെയുള്ള കുട്ടികൾ മുതിർന്നവരുടെ കൂടെയായിരിക്കണം യാത്ര ചെയ്യേണ്ടത്.
- കുഞ്ഞുങ്ങൾ (2 വയസ്സിന് താഴെ): രക്ഷിതാക്കളുടെ മടിയിലിരുന്ന് ടിക്കറ്റില്ലാതെ യാത്ര ചെയ്യാം. പ്രത്യേക സീറ്റ് വേണമെങ്കിൽ 'ചൈൽഡ് ടിക്കറ്റ്' എടുക്കണം.
- മുതിർന്ന പൗരന്മാർ (60 വയസ്സിന് മുകളിൽ): ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവ് ലഭിക്കും. പ്രായം തെളിയിക്കുന്ന തിരിച്ചറിയൽ രേഖകൾ യാത്രയ്ക്കിടെ കൈവശം കരുതണം.
ടിക്കറ്റ് കാൻസലേഷനും റീഫണ്ട് വ്യവസ്ഥകളും
ഇത്തിഹാദ് റെയിൽ ആപ്പ്, വെബ്‌സൈറ്റ്, കോൺടാക്റ്റ് സെന്റർ അല്ലെങ്കിൽ സ്റ്റേഷനുകളിലെ വെൻഡിങ് മെഷീനുകൾ എന്നിവ വഴി ടിക്കറ്റുകൾ കാൻസൽ ചെയ്യാം. വാങ്ങിയ ടിക്കറ്റിന്റെ ക്ലാസ് അനുസരിച്ചായിരിക്കും റീഫണ്ട് ലഭിക്കുക.
- സേവർ, വാല്യൂ ടിക്കറ്റുകൾ: ഇവയ്ക്ക് റീഫണ്ട് ലഭിക്കുകയില്ല.
- ഫ്ലെക്സ് ടിക്കറ്റുകൾ: ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് കാൻസൽ ചെയ്താൽ മുഴുവൻ തുകയും തിരികെ ലഭിക്കും. 24 മണിക്കൂറിനുള്ളിലാണ് കാൻസൽ ചെയ്യുന്നതെങ്കിൽ 30 ശതമാനം തുക കാൻസലേഷൻ ഫീസായി ഈടാക്കും. യാത്ര ചെയ്യാൻ എത്താത്തവർക്ക് (No Show) റീഫണ്ട് ലഭിക്കില്ല.
മാറ്റങ്ങൾ വരുത്താനുള്ള വ്യവസ്ഥകൾ
യാത്രക്കാർക്ക് ടിക്കറ്റിലെ തീയതിയും സമയവും മാറ്റാൻ സാധിക്കുമെങ്കിലും, യാത്ര പുറപ്പെടുന്ന സ്റ്റേഷനോ പോകേണ്ട സ്റ്റേഷനോ മാറ്റാൻ അനുവാദമില്ല.
- സേവർ ടിക്കറ്റ്: തീയതിയിലോ സമയത്തിലോ ഒരു മാറ്റവും വരുത്താൻ സാധിക്കില്ല.
- വാല്യൂ ടിക്കറ്റ്: ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂർ മുൻപ് വരെ എത്ര തവണ വേണമെങ്കിലും തീയതിയും സമയവും സൗജന്യമായി മാറ്റാം (ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ടെങ്കിൽ അത് നൽകണം). അതിനുശേഷം മാറ്റം വരുത്താൻ 20 ദിർഹം ഫീസും നിരക്കിലെ വ്യത്യാസവും നൽകേണ്ടി വരും.
- ഫ്ലെക്സ് ടിക്കറ്റ്: ട്രെയിൻ പുറപ്പെടുന്നതിന് മുൻപും പുറപ്പെട്ട് 30 മിനിറ്റ് കഴിഞ്ഞും എത്ര തവണ വേണമെങ്കിലും തീയതിയിലും സമയത്തിലും മാറ്റങ്ങൾ വരുത്താം. ടിക്കറ്റ് നിരക്കിലെ വ്യത്യാസം മാത്രം നൽകിയാൽ മതിയാകും.
