മികവുറ്റ തൊഴിൽ സാഹചര്യം; ടാലന്റ് മാനേജ്‌മെന്റിൽ പുതുചരിത്രമെഴുതാൻ ജി.ഡി.ആർ.എഫ്.എ ദുബായ്
സർക്കാർ തൊഴിൽ മേഖലയിൽ വൈവിധ്യം, തുല്യത, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (GDRFA) പ്രത്യേക 'ഇന്നൊവേഷൻ ലാബ്' സംഘടിപ്പിച്ചു. "ഉൾക്കൊള്ളുന്ന തൊഴിൽ സാഹചര്യത്തിലേക്ക്... വൈവിധ്യത്തിലൂടെ മികവിലേക്ക്" എന്ന പ്രമേയത്തിൽ ജി.ഡി.ആർ.എഫ്.എ ആസ്ഥാനത്താണ് പരിപാടി നടന്നത്.
മികച്ച ഉദ്യോഗസ്ഥരെ കണ്ടെത്താനും അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തി സ്ഥാപനത്തിന്റെ പ്രവർത്തന മികവ് വർദ്ധിപ്പിക്കാനുമാണ് ഈ നീക്കം. തുല്യതയിലും മെറിറ്റിലും അധിഷ്ഠിതമായ ഒരു തൊഴിൽ സാഹചര്യം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് ഫിനാൻഷ്യൽ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അവദ് മുഹമ്മദ് അൽ ഹുമൈരി പറഞ്ഞു. ഡിജിറ്റൽ മാറ്റങ്ങൾക്കനുസരിച്ച് ജീവനക്കാരെ സജ്ജരാക്കുന്നതിനും ടാലന്റ് മാനേജ്‌മെന്റ് സംവിധാനം കൂടുതൽ സുതാര്യമാക്കുന്നതിനും ചർച്ചകൾ ഊന്നൽ നൽകി.
യുഎഇയുടെ 'നാഷണൽ സ്ട്രാറ്റജി ഫോർ ടാലന്റ് അട്രാക്ഷൻ ആൻഡ് റീറ്റെൻഷൻ 2031' എന്ന ലക്ഷ്യത്തിന് ഈ പദ്ധതി വലിയ കരുത്തേകും. ലാബിൽ ഉയർന്നുവന്ന ആശയങ്ങൾ ഉടൻ തന്നെ പുതിയ പദ്ധതികളായി നടപ്പിലാക്കാൻ ബ്രിഗേഡിയർ സമദ് ഹുസൈൻ സുലൈമാൻ അൽ ബലൂഷി നിർദ്ദേശം നൽകി. ദുബായ് സർക്കാരിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളും ഈ ക്രിയാത്മക ചർച്ചകളിൽ പങ്കാളികളായി.
