ബഹ്‌റൈനിൽ വൈഫൈ, ബ്ലൂടൂത്ത് ഉപകരണങ്ങൾക്ക് ഇളവ്; ഇനി ലൈസൻസും ഫീസും ആവശ്യമില്ല
ബഹ്‌റൈനിൽ വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയ കുറഞ്ഞ ശേഷിയുള്ള (ലോ-പവർ) വയർലെസ് ഉപകരണങ്ങളുടെ ഉപയോഗത്തിന് ഇനി മുതൽ വ്യക്തിഗത സ്പെക്ട്രം ലൈസൻസോ ഫീസോ ആവശ്യമില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (TRA) അറിയിച്ചു. രാജ്യത്ത് സ്മാർട്ട് സിറ്റി സംവിധാനങ്ങളും ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) സാങ്കേതികവിദ്യകളും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ഇളവ്.
അനുവദനീയമായ ഫ്രീക്വൻസി പരിധിയിലുള്ള ഉപകരണങ്ങൾക്കാണ് ഇളവ് ബാധകമാകുക. എന്നാൽ ഇവ നിർദ്ദിഷ്ട പവർ പരിധിക്കുള്ളിൽ തന്നെ പ്രവർത്തിക്കണം. മറ്റ് ലൈസൻസ്ഡ് സേവനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയോ നിയമപരമായ പരിധി ലംഘിക്കുകയോ ചെയ്യുന്ന ഉപകരണങ്ങൾ പിടിച്ചെടുക്കാനും പിഴ ഈടാക്കാനും അതോറിറ്റിക്ക് അധികാരമുണ്ട്.
വ്യക്തിഗത ആവശ്യങ്ങൾക്കല്ലാതെ, രാജ്യത്ത് വിൽപനയ്‌ക്കും വാണിജ്യ ഉപയോഗത്തിനുമായി എത്തിക്കുന്ന റേഡിയോ ഉപകരണങ്ങൾക്ക് മുൻകൂട്ടിയുള്ള ഔദ്യോഗിക അനുമതി നിർബന്ധമായി തുടരും.
