കുവൈത്തിൽ കനത്ത ചൂടും ഉയർന്ന ഈർപ്പവും തുടരും; വരും ദിവസങ്ങളിൽ ആശ്വാസത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
കുവൈത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ പൊതുവെ ചൂടേറിയതും ഉയർന്ന ഈർപ്പമുള്ളതുമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ പ്രഭാവം മൂലം പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള അന്തരീക്ഷം കൂടുതൽ പ്രകടമായിരിക്കും.
വെള്ളി, ശനി ദിവസങ്ങളിൽ തീരപ്രദേശങ്ങളിൽ പകൽ സമയത്തെ പരമാവധി താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. രാത്രികാലങ്ങളിൽ താപനില 26 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയായി കുറയുമെങ്കിലും ഈർപ്പമുള്ള അന്തരീക്ഷം അനുഭവപ്പെടും. മണിക്കൂറിൽ 8 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ നേരിയതോ മിതമായതോ ആയ കാറ്റിന് സാധ്യതയുണ്ട്.
അതേസമയം, കടൽ ശാന്തമോ മിതമായ തരംഗങ്ങളുള്ളതോ ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. വരുന്ന ആഴ്ചയോടെ രാജ്യത്തെ തീവ്രമായ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
