വാരാന്ത്യത്തിൽ കടുത്ത ചൂടും ഉയർന്ന ഹ്യുമിഡിറ്റിയും തുടരും; ജാഗ്രതാനിർദേശവുമായി ഖത്തർ

  1. Home
  2. International

വാരാന്ത്യത്തിൽ കടുത്ത ചൂടും ഉയർന്ന ഹ്യുമിഡിറ്റിയും തുടരും; ജാഗ്രതാനിർദേശവുമായി ഖത്തർ

qatar heat


വാരാന്ത്യത്തിൽ രാജ്യത്തുടനീളം കനത്ത ചൂടും ഉയർന്ന അന്തരീക്ഷ ഈർപ്പവും (ഹ്യുമിഡിറ്റി) തുടരുമെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. രാവിലെ ചിലയിടങ്ങളിൽ നേരിയ മൂടൽമഞ്ഞ് അനുഭവപ്പെടുമെങ്കിലും പിന്നീട് കടുത്ത ചൂടും ഉയർന്ന ഹ്യുമിഡിറ്റിയും നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം വേനൽക്കാലത്ത് തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി ഏർപ്പെടുത്തിയിട്ടുള്ള ഉച്ചവിശ്രമ നിയമം കർശനമായി പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു. സെപ്റ്റംബർ 15 വരെ രാവിലെ 10 മണി മുതൽ വൈകീട്ട് 3.30 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് നിയന്ത്രണമുള്ളത്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

തൊഴിലാളികൾക്ക് ആവശ്യത്തിന് കുടിവെള്ളവും വിശ്രമകേന്ദ്രങ്ങളും തൊഴിലുടമകൾ ഉറപ്പാക്കണം. വേനൽ കടുത്ത സാഹചര്യത്തിൽ മന്ത്രാലയങ്ങളുടെയും വിവിധ പ്രവാസി സംഘടനകളുടെയും നേതൃത്വത്തിൽ തൊഴിലിടങ്ങളിൽ ആരോഗ്യ-ഹീറ്റ് സ്ട്രെസ് ബോധവൽക്കരണ പരിപാടികളും പുരോഗമിക്കുന്നുണ്ട്.