ഒമാനിൽ കനത്ത ചൂടിന് ശമനം; വിവിധ ഗവർണറേറ്റുകളിൽ ശക്തമായ വേനൽമഴയും ആലിപ്പഴ വർഷവും, അതീവ ജാഗ്രത

  1. Home
  2. International

ഒമാനിൽ കനത്ത ചൂടിന് ശമനം; വിവിധ ഗവർണറേറ്റുകളിൽ ശക്തമായ വേനൽമഴയും ആലിപ്പഴ വർഷവും, അതീവ ജാഗ്രത

kuwait rain


കടുത്ത വേനൽച്ചൂടിൽ വെന്തുരുകുകയായിരുന്ന ഒമാന് ആശ്വാസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽമഴയും കാറ്റും. ചില മലയോര മേഖലകളിൽ കനത്ത മഴയ്‌ക്കൊപ്പം ശക്തമായ ആലിപ്പഴ വർഷവുമുണ്ടായി. പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പലയിടങ്ങളിലും കാഴ്ചാപരിധി കുറഞ്ഞതിനാൽ വാഹനയാത്രികർ വേഗത കുറച്ച്, കൃത്യമായ സുരക്ഷിത അകലം പാലിച്ച് മാത്രമേ ഡ്രൈവ് ചെയ്യാവൂ എന്ന് റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചു.

ഏതാനും ദിവസങ്ങളായി തലസ്ഥാന നഗരമായ മസ്കത്തിൽ ചൂടിന് കാര്യമായ ശമനമുണ്ട്. രാവിലെയും വൈകീട്ടും ഇളം തണുപ്പുള്ള കാറ്റാണ് ഇവിടെ അനുഭവപ്പെടുന്നത്. എന്നാൽ ആഭ്യന്തര മേഖലകളിൽ കനത്ത കാറ്റോടു കൂടിയാണ് മഴ പെയ്തിറങ്ങിയത്. ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിന് കിഴക്കുള്ള വാദി അൽ ഐൻ പ്രദേശത്തും യാങ്കുൽ വിലായത്തിലും ശക്തമായ മഴ രേഖപ്പെടുത്തി.

രാജ്യത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ജബൽ ഷംസിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിൽ മഴയ്‌ക്കൊപ്പം വലിയ തോതിൽ ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. മുദൈബി വിലായത്തിലെ ബഅ്ദ് ഗ്രാമത്തിലും കഴിഞ്ഞ മണിക്കൂറുകളിൽ നല്ല മഴ ലഭിച്ചു. ഒമാന്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും വാദികളിലേക്കോ താഴ്ന്ന പ്രദേശങ്ങളിലേക്കോ ഇറങ്ങരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി.