യൂറോപ്പിൽ അത്യുഷ്ണം കടുക്കുന്നു; ഫ്രാൻസും ബ്രിട്ടനും ഉൾപ്പെടെ നാല് രാജ്യങ്ങളിൽ റെഡ് അലർട്ട്
അതികഠിനമായ ഉഷ്ണതരംഗത്തിൽ വലഞ്ഞ് യൂറോപ്യൻ രാജ്യങ്ങൾ. വിവിധയിടങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതോടെ ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി, സ്പെയിൻ എന്നീ നാല് രാജ്യങ്ങളിൽ റെഡ് അലർട്ട് അഥവാ ചുവപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കടുത്ത ചൂടിനെത്തുടർന്ന് ഈ രാജ്യങ്ങളിലെ സ്കൂളുകൾക്ക് താൽക്കാലികമായി അവധി പ്രഖ്യാപിക്കുകയും പുറത്തുനടക്കുന്ന പൊതുപരിപാടികൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. റെയിൽവേ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ യാത്രക്കാർക്ക് കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
ഫ്രാൻസിലെ 54 പ്രാദേശിക ഭരണമേഖലകളിൽ ഇതിനകം തന്നെ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചൂടിൽ നിന്ന് രക്ഷനേടാനായി ജലാശയങ്ങളിൽ ഇറങ്ങിയ 40 പേരാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഫ്രാൻസിൽ മുങ്ങിമരിച്ചത്. ഇറ്റലിയിൽ ഉഷ്ണതരംഗത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ കാരണം 1,068 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ഫ്രഞ്ച് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ രാത്രിയായിരുന്നു തിങ്കളാഴ്ച കടന്നുപോയതെന്ന് കാലാവസ്ഥാ ഏജൻസിയായ മെറ്റിയോ ഫ്രാൻസ് വ്യക്തമാക്കി. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂൺ മാസമായി ഇത് മാറിയേക്കുമെന്ന് ബ്രിട്ടീഷ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകുന്നു.
ആഗോള കാലാവസ്ഥാ വ്യതിയാനമാണ് യൂറോപ്പിലെ ഈ കടുത്ത കാലാവസ്ഥയ്ക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. ആഗോളതാപനം ഏറ്റവും രൂക്ഷമായി ബാധിച്ച ഭൂഖണ്ഡങ്ങളിലൊന്നാണ് യൂറോപ്പ്. 1980-ന് ശേഷം യൂറോപ്പിലെ താപനില ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിലാണ് വർദ്ധിക്കുന്നതെന്ന് കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവീസിന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നു.
