ഒമാനിൽ തീരദേശ, മരുഭൂമി മേഖലകളിൽ കടുത്ത ചൂടിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ഒമാനിൽ വരും ദിവസങ്ങളിലും കടുത്ത വേനൽച്ചൂട് തുടരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (CAA) കീഴിലുള്ള നാഷണൽ മൾട്ടി-ഹസാർഡ് ഏർലി വാണിംഗ് സെന്റർ മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച പുലർച്ചെ മസ്‌കറ്റ് ഗവർണറേറ്റ് സ്റ്റേഷനിൽ മാത്രം 41 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും മരുഭൂമി മേഖലകളിലും താപനില ഗണ്യമായി ഉയർന്നേക്കും. പലയിടങ്ങളിലും പരമാവധി ചൂട് 45 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് എത്താനാണ് സാധ്യതയെന്ന് ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു. കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചു.
