കുവൈത്തിൽ അതികഠിനമായ ചൂട് തുടരും
കുവൈത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ കടുത്ത ഉഷ്ണതരംഗവും വരണ്ട കാലാവസ്ഥയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ആക്ടിംഗ് ഡയറക്ടർ ദിരാർ അൽ അലി അറിയിച്ചു. ഇന്ത്യൻ ന്യൂനമർദ്ദ മേഖലയുടെ സ്വാധീനഫലമായി അന്തരീക്ഷത്തിൽ ചൂടും ഈർപ്പവും ഉയരാൻ സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വീശുന്ന കാറ്റും ശക്തമാകും.
വെള്ളിയാഴ്ച പകൽ സമയത്ത് ഉയർന്ന താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. തീരദേശ മേഖലകളിൽ ആർദ്രത കൂടുതലായിരിക്കും. മണിക്കൂറിൽ എട്ടു മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ ദിശ മാറി വീശുന്ന കാറ്റും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവുമാണ് പ്രതീക്ഷിക്കുന്നത്. രാത്രികാലങ്ങളിൽ താപനില 28 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയായി കുറയാം.
ശനിയാഴ്ചയോടെ ഉഷ്ണതരംഗം കൂടുതൽ കടുക്കുമെന്നും ഉയർന്ന താപനില 48 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു. രാത്രിയിൽ ചൂട് തുടരുകയും കുറഞ്ഞ താപനില 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടുകയും ചെയ്യും.
