വിസ വാഗ്ദാനം ചെയ്ത് വ്യാജ പരസ്യം; ജാഗ്രതാനിർദേശവുമായി ദുബൈ പോലീസ്
പണം വാങ്ങി ജോലി, താമസം, സന്ദർശക വിസകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കെതിരെയും ഓൺലൈൻ തട്ടിപ്പുകൾക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ദുബൈ പോലീസ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും മെസ്സേജിങ് ആപ്പുകളിലൂടെയും തട്ടിപ്പുകാർ ഉദ്യോഗാർത്ഥികളെയും സന്ദർശകരെയും വ്യാപകമായി ലക്ഷ്യമിടുന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ അടിയന്തര ഇടപെടൽ.
അംഗീകാരമില്ലാത്ത കമ്പനികളുടെ വ്യാജ പേരുകൾ ഉപയോഗിച്ചും, ഔദ്യോഗിക ഗവൺമെന്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളെന്ന വ്യാജേനയുമാണ് തട്ടിപ്പുകാർ ആളുകളെ കെണിയിൽ വീഴ്ത്തുന്നതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്റർ വ്യക്തമാക്കി. ആകർഷകമായ ഓഫറുകൾ മുന്നോട്ട് വെച്ച് വ്യാജ വിസ സേവനങ്ങൾക്കായി മുൻകൂറായി പണം തട്ടിയെടുക്കുകയാണ് ഇവരുടെ പ്രധാന രീതി.
ദുബൈ പൊലീസിന്റെ 'ബി അവെയർ ഓഫ് ഫ്രോഡ്' (Be Aware of Fraud) എന്ന ബോധവൽക്കരണ കാമ്പെയിനിന്റെ ഭാഗമായി, വിസ അപേക്ഷകൾ ഔദ്യോഗിക സർക്കാർ സംവിധാനങ്ങൾ വഴിയോ ലൈസൻസുള്ള അംഗീകൃത സർവീസ് പ്രൊവൈഡർമാർ വഴിയോ മാത്രം പൂർത്തിയാക്കാൻ അധികൃതർ കർശന നിർദ്ദേശം നൽകി. കൃത്യമായി പരിശോധന നടത്താത്ത ഇടനിലക്കാരുമായുള്ള സാമ്പത്തിക ഇടപാടുകൾ പൂർണ്ണമായും ഒഴിവാക്കണം.
ഏതെങ്കിലും തരത്തിലുള്ള വിസ ഓഫറുകളോ തൊഴിൽ വാഗ്ദാനങ്ങളോ ലഭിച്ചാൽ പണം നൽകുന്നതിന് മുമ്പ് അതിന്റെ വിശ്വാസ്യത ഔദ്യോഗിക ചാനലുകൾ വഴി ഉറപ്പുവരുത്തണം. നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെയോ അനധികൃത ഏജൻസികളിലൂടെയോ ലഭിക്കുന്ന വ്യാജ വാഗ്ദാനങ്ങളിൽ വീഴരുതെന്നും, ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആന്റി ഫ്രോഡ് സെന്ററിൽ വിവരമറിയിക്കണമെന്നും ദുബൈ പോലീസ് ഓർമ്മിപ്പിച്ചു.
