വ്യാജ ആപ്പുകൾ ബാങ്ക് അക്കൗണ്ട് കാലിയാക്കും; മുന്നറിയിപ്പുമായി ദുബൈ പൊലീസ്
ഔദ്യോഗികവും വിശ്വസനീയമല്ലാത്തതുമായ ഉറവിടങ്ങളിൽ നിന്ന് മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിനെതിരെ പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലീസ്. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ ചൂഷണം ചെയ്ത് ഫോണുകളിൽ നുഴഞ്ഞുകയറുന്ന വ്യാജ ആപ്പുകൾ ബാങ്ക് അക്കൗണ്ടുകൾ പൂർണ്ണമായും കാലിയാക്കാൻ ഇടയാക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കീഴിലെ ഇ-ക്രൈംസ് ആൻഡ് സൈബർ സെക്യൂരിറ്റി വിഭാഗമാണ് ഇതുസംബന്ധിച്ച ബോധവൽക്കരണ വീഡിയോ പുറത്തുവിട്ടത്. ബാങ്കിങ്, നിക്ഷേപം, ഡെലിവറി, സുരക്ഷാ അപ്‌ഡേറ്റുകൾ തുടങ്ങിയ മേഖലകളിലെ യഥാർത്ഥ ആപ്പുകളെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഇത്തരം മലിഷ്യസ് സോഫ്റ്റ്‌വെയറുകൾ (Malicious Software) പ്രചരിപ്പിക്കുന്നത്. ആകർഷകമായ ഓഫറുകളിൽ വീണ് ആളുകൾ ഇവ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലാകുകയും വ്യക്തിഗത-ബാങ്കിങ് വിവരങ്ങൾ ചോരുകയും ചെയ്യും.
സുരക്ഷിതമായിരിക്കാൻ ദുബൈ പൊലീസ് നൽകുന്ന നിർദ്ദേശങ്ങൾ:
- ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗിക സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.
- പാസ്‌വേഡുകളോ ബാങ്ക് ആക്സസ് കോഡുകളോ ഒടിപികളോ ആരുമായും പങ്കുവെക്കരുത്.
- ഫോണുകളിൽ വിശ്വസനീയമായ സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുക.
- അക്കൗണ്ടിലെ മാറ്റങ്ങൾ ഉടനടി അറിയാൻ ബാങ്കിങ് അലേർട്ടുകൾ (SMS/Email) എപ്പോഴും ആക്ടീവാക്കി വെക്കുക.
- അജ്ഞാത സന്ദേശങ്ങളിലെ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
സൈബർ തട്ടിപ്പുകൾ തടയാൻ സമൂഹത്തിൽ ഡിജിറ്റൽ അവബോധം വളർത്തേണ്ടത് അനിവാര്യമാണെന്ന് പൊലീസ് ഓർമ്മിപ്പിച്ചു. എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പ് വഴിയോ, 901 എന്ന നമ്പറിൽ വിളിച്ചോ, ഔദ്യോഗിക ഇ-ക്രൈം (e-Crime) പ്ലാറ്റ്‌ഫോം വഴിയോ വിവരം റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.സൈബർ തട്ടിപ്പുകൾ തടയാൻ സമൂഹത്തിൽ ഡിജിറ്റൽ അവബോധം വളർത്തേണ്ടത് അനിവാര്യമാണെന്ന് പൊലീസ് ഓർമ്മിപ്പിച്ചു. എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ്പ് വഴിയോ, 901 എന്ന നമ്പറിൽ വിളിച്ചോ, ഔദ്യോഗിക ഇ-ക്രൈം (e-Crime) പ്ലാറ്റ്‌ഫോം വഴിയോ വിവരം റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
