വ്യാജ സിവിൽ ഡിഫൻസ് ആപ്പുകൾ തട്ടിപ്പിന് ഉപയോഗിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി ബഹ്‌റൈൻ അധികൃതർ

  1. Home
  2. International

വ്യാജ സിവിൽ ഡിഫൻസ് ആപ്പുകൾ തട്ടിപ്പിന് ഉപയോഗിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി ബഹ്‌റൈൻ അധികൃതർ

bahrain


സിവിൽ ഡിഫൻസിന്റെ അടിയന്തര മുന്നറിയിപ്പുകൾ നൽകുന്ന ആപ്പാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്ന വ്യാജ മൊബൈൽ ആപ്പുകൾക്കെതിരെ ബഹ്‌റൈൻ സൈബർ സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. 'BH Alert' എന്ന പേരിൽ ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ മാൽവെയർ പ്രചരിക്കുന്നത്. ഔദ്യോഗിക ഗൂഗിൾ പ്ലേ സ്റ്റോറിന്റെയും സർക്കാർ പോർട്ടലുകളുടെയും മാതൃകയിലുള്ള വ്യാജ ലിങ്കുകൾ നിർമ്മിച്ചാണ് തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കുന്നത്.

ഡ്രീം റിസർച്ച് ലാബ്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ പുതിയ സൈബർ തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. മിസൈൽ ആക്രമണങ്ങളും സിവിൽ ഡിഫൻസ് സൈറണുകളും മുഴങ്ങുന്ന അടിയന്തര സാഹചര്യങ്ങൾ മുതലെടുത്താണ് തട്ടിപ്പുകാർ ജനങ്ങളിലേക്ക് ഇത്തരം വ്യാജ ആപ്പുകൾ എത്തിക്കുന്നത്. ആഭ്യന്തര മന്ത്രാലയം, സിവിൽ ഡിഫൻസ്, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി തുടങ്ങിയ ഔദ്യോഗിക സ്ഥാപനങ്ങളുടെ ലോഗോകളും പേരുകളും ദുരുപയോഗം ചെയ്താണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മൊബൈൽ ഫോണുകളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനും എസ്.എം.എസുകൾ, ഒ.ടി.പികൾ, കോൺടാക്റ്റുകൾ, ബാങ്കിംഗ് വിവരങ്ങൾ എന്നിവ ചോർത്താനും ഈ മാൽവെയറിന് സാധിക്കും. ഔദ്യോഗിക വെബ്‌സൈറ്റുകളോ വെരിഫൈഡ് സോഷ്യൽ മീഡിയ അക്കൗണ്ടുകളോ വഴി മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും, വാട്സാപ്പ്, എസ്.എം.എസ്, ഇമെയിൽ എന്നിവയിലൂടെ ലഭിക്കുന്ന അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.