സോഷ്യൽ മീഡിയ വഴി വ്യാജ ഫ്രീലാൻസ് വിസ വിൽപന; പ്രമുഖ ഇൻഫ്ലുവൻസർ ദുബായിൽ അറസ്റ്റിൽ
സമൂഹമാധ്യമങ്ങൾ വഴി വ്യാജ ഫ്രീലാൻസ് വിസകൾ വാഗ്ദാനം ചെയ്ത് വൻ തുക തട്ടിയെടുത്ത കേസിൽ പ്രമുഖ ഇൻഫ്ലുവൻസറും ഗായകനുമായ വ്യക്തി അറസ്റ്റിൽ. ദുബായ് താമസ കുടിയേറ്റ വകുപ്പും (GDRFA) ദുബായ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. തൊഴിലന്വേഷകരിൽ നിന്ന് വ്യാജ വിസ വാഗ്ദാനം ചെയ്ത് 7,000 മുതൽ 9,000 ദിർഹം വരെ ഈടാക്കി നാല്‍പ്പതോളം പേരെയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്.
യു.എ.ഇയിൽ ജോലി തേടിയെത്തുന്ന പ്രവാസികളുടെ ആവശ്യങ്ങൾ മുതലെടുത്തായിരുന്നു തട്ടിപ്പ്. ഒരു വ്യക്തിയുടെ കൈവശം വ്യാജ വിസ രേഖ കണ്ടെത്തിയതിനെ തുടർന്ന് ജി.ഡി.ആർ.എഫ്.എ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ഉറവിടവും പ്രതിയെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്.
വ്യാജ രേഖകൾ നിർമിച്ചതിലും പ്രചരിപ്പിച്ചതിലും ഉൾപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അറിയിച്ചു. വിസ, താമസാനുമതി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിരീക്ഷണം ശക്തമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
