ദുബൈയിൽ സ്ഫോടനം നടന്നുവെന്ന് വ്യാജ വാർത്ത; റോയിട്ടേഴ്സിന് എതിരെ നിയമ നടപടിയുമായി യു.എ.ഇ

  1. Home
  2. International

ദുബൈയിൽ സ്ഫോടനം നടന്നുവെന്ന് വ്യാജ വാർത്ത; റോയിട്ടേഴ്സിന് എതിരെ നിയമ നടപടിയുമായി യു.എ.ഇ

dubai


ദുബൈയിൽ സ്ഫോടനം നടന്നുവെന്ന രീതിയിൽ വ്യാജ റിപ്പോർട്ട് നൽകിയതിന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനെതിരെ (Reuters) യു.എ.ഇ കർശനമായ നിയമനടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വാർത്താ ഏജൻസിയുടെ പ്രാദേശിക റിപ്പോർട്ടറെ പബ്ലിക് പ്രോസിക്യൂഷൻ നേരിട്ട് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ ഉൾപ്പെട്ട മുതിർന്ന എഡിറ്റോറിയൽ മേധാവികളെയും വരും ദിവസങ്ങളിൽ അന്വേഷണത്തിനായി വിളിച്ചുവരുത്തും.

കഴിഞ്ഞദിവസമാണ് ദുബൈ ഡൗൺടൗണിൽ ശക്തമായ സ്ഫോടനശബ്ദം കേട്ടുവെന്ന് കാണിച്ച് റോയിട്ടേഴ്സ് അടിയന്തര വാർത്ത നൽകിയത്. എന്നാൽ ഈ റിപ്പോർട്ട് ഉടൻ തന്നെ നിഷേധിച്ച് ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസ് രംഗത്തെത്തുകയും വാർത്ത പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെ റോയിട്ടേഴ്സ് തങ്ങളുടെ വാർത്ത പിൻവലിക്കുകയും ഔദ്യോഗികമായി ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. തങ്ങളുടെ വാർത്താ നിലവാരത്തിന് ചേർന്നതായിരുന്നില്ല ഈ റിപ്പോർട്ടെന്നും, നിജസ്ഥിതി കൃത്യമായി പരിശോധിക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്നും വാർത്താ ഏജൻസി ക്ഷമാപണത്തിൽ സമ്മതിച്ചിരുന്നു.

എന്നാൽ, വെറും ക്ഷമാപണം നടത്തിയത് കൊണ്ടോ വാർത്ത പിൻവലിച്ചത് കൊണ്ടോ യു.എ.ഇയിലെ കടുത്ത നിയമനടപടികളിൽനിന്ന് ഒഴിവകാനാകില്ലെന്ന് യു.എ.ഇ അറ്റോർണി ജനറൽ കൗൺസലർ ഡോ. ഹമദ് സെയ്ഫ് അൽശംസി വ്യക്തമാക്കി. തെറ്റായ വാർത്ത പരിശോധിച്ചവർ, അതിന് അനുമതി നൽകിയവർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന എഡിറ്റോറിയൽ ഉദ്യോഗസ്ഥരെ വിശദമായി ചോദ്യം ചെയ്യും. ഇത്തരം ഒരു വ്യാജ വാർത്ത നൽകാനുണ്ടായ സാഹചര്യം, അതിന് പിന്നിലെ ഉറവിടങ്ങൾ എന്നിവ പ്രോസിക്യൂഷൻ കൃത്യമായി അന്വേഷിക്കും. മാധ്യമ ചട്ടങ്ങളും യു.എ.ഇ സൈബർ നിയമങ്ങളും ലംഘിച്ചാണ് വാർത്ത നൽകിയതെന്ന് കണ്ടെത്തിയാൽ ഏജൻസിക്കും ബന്ധപ്പെട്ടവർക്കും എതിരെ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകുമെന്നും അറ്റോർണി ജനറൽ മുന്നറിയിപ്പ് നൽകി.