വ്യാജ ഓൺലൈൻ പരസ്യങ്ങൾ; മുന്നറിയിപ്പുമായി അബൂദബി പോലീസ്
ഓൺലൈൻ ഇടങ്ങളിലെ വ്യാജ പരസ്യങ്ങളെയും ചതിക്കുഴികളെയും കുറിച്ച് പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പുമായി അബൂദബി പോലീസ്. വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ചോർത്തുന്നതിനായി തട്ടിപ്പുകാർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് നിർദ്ദേശിച്ചു. ഔദ്യോഗിക വെബ്സൈറ്റുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വ്യാജ ലിങ്കുകൾ അയച്ച് ആളുകളെ പ്രലോഭിപ്പിക്കുകയും അതുവഴി ബാങ്ക് അക്കൗണ്ടുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയുമാണ് തട്ടിപ്പുകാരുടെ രീതി. സാമ്പത്തിക ലാഭത്തിനോ വ്യക്തിപരമായ വിവരങ്ങൾ കൈക്കലാക്കുന്നതിനോ വേണ്ടിയാണ് ഇത്തരം സൈബർ കെണികൾ ഒരുക്കുന്നത്.
ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോൾ അങ്ങേയറ്റത്തെ ജാഗ്രത പാലിക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു. അപരിചിതമായ വെബ്സൈറ്റുകളിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ പാസ്‌വേഡുകളോ നൽകരുത്. വിശ്വാസനീയമായ സൈറ്റുകളിലൂടെയും ഔദ്യോഗിക ആപ്പുകളിലൂടെയും മാത്രം പണമിടപാടുകൾ നടത്താൻ ശ്രദ്ധിക്കണം. ഒ.ടി.പി (OTP), എ.ടി.എം സെക്യൂരിറ്റി കോഡുകൾ എന്നിവ ആരുമായും പങ്കുവെക്കരുത്. ഇലക്ട്രോണിക് ലിങ്കുകൾ ലഭിക്കുമ്പോൾ അവയുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും പോലീസ് നിർദ്ദേശിച്ചു.
തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണം. ഇതിനായി അബൂദബി പോലീസ് പല സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 8002626 എന്ന അമൻ സർവീസ് നമ്പറിലോ 2828 എന്ന നമ്പറിൽ എസ്.എം.എസ് അയച്ചോ പരാതി നൽകാം. കൂടാതെ aman@adpolice.gov.ae എന്ന ഇമെയിൽ വിലാസത്തിലൂടെയോ അബൂദബി പോലീസിന്റെ സ്മാർട്ട് ആപ്പ് വഴിയോ ഇത്തരം വിവരങ്ങൾ കൈമാറാവുന്നതാണ്.
