ആർഒപിയുടെ പേരിൽ വ്യാജ റിക്രൂട്ട്‌മെന്റ്; കെണിയിൽ വീഴരുതെന്ന് ഒമാൻ പൊലീസ്
ഒമാനിലെ ഉദ്യോഗാർത്ഥികളെ ലക്ഷ്യമിട്ട് റോയൽ ഒമാൻ പൊലീസിന്റെ (ROP) പേരിൽ നടക്കുന്ന വ്യാജ തൊഴിൽ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്. പൊലീസിന്റെ പേരിൽ വ്യാജ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വെളിപ്പെടുത്തി.
ഉദ്യോഗാർത്ഥികളെ ആകർഷിക്കാനായി പ്രൊഫഷണൽ ലുക്കിലുള്ള പരസ്യങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങളുമാണ് തട്ടിപ്പുകാർ പ്രധാനമായും ഉപയോഗിക്കുന്നത്. ഔദ്യോഗിക ചാനലുകൾ വഴി മാത്രം റിക്രൂട്ട്‌മെന്റ് പരസ്യങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തണമെന്ന് പൊലീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അനൗദ്യോഗിക സ്രോതസ്സുകളിലൂടെ വരുന്ന വാഗ്ദാനങ്ങളുമായി യാതൊരുവിധ ഇടപഴകലുകളും നടത്തരുത്.
വ്യക്തിഗത വിവരങ്ങളോ പണമോ ഇത്തരം സംഘങ്ങൾക്ക് കൈമാറുന്നത് വലിയ സാമ്പത്തിക ബാധ്യതകൾക്കും വിവരച്ചോർച്ചയ്ക്കും കാരണമാകും. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെട്ട ഏജൻസികളിലോ വിവരം അറിയിക്കണമെന്നും ഒമാൻ പൊലീസ് നിർദ്ദേശിച്ചു.
