വ്യാജ റിക്രൂട്ട്‌മെന്റ് വാഗ്ദാനം; 200 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് യു.എ.ഇ

  1. Home
  2. International

വ്യാജ റിക്രൂട്ട്‌മെന്റ് വാഗ്ദാനം; 200 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് യു.എ.ഇ

domestic workers


ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാമെന്ന വ്യാജ വാഗ്ദാനം നൽകി പ്രവർത്തിച്ച ഇരുന്നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് യു.എ.ഇ. അനധികൃതമായി പ്രവർത്തിച്ച അക്കൗണ്ടുകളാണ് സസ്‌പെൻഡ് ചെയ്തതെന്ന് യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (TDRA) സഹകരണത്തോടെയാണ് ഈ നടപടി.

ആവശ്യമായ ലൈസൻസുകളോ മന്ത്രാലയം അംഗീകരിച്ച റിക്രൂട്ട്മെന്റ് ഓഫീസുകളുമായുള്ള ബന്ധമോ ഇല്ലാതെയാണ് ഈ അക്കൗണ്ടുകൾ പ്രവർത്തിച്ചിരുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനങ്ങൾ, നേരിട്ടുള്ള പരിശോധനകൾ എന്നിവ വഴിയാണ് ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയത്. സോഷ്യൽ മീഡിയ വഴി വ്യാജ റിക്രൂട്ട്‌മെന്റ് പരസ്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രാലയം നിരീക്ഷണം ശക്തമാക്കിയത്.

തൊഴിലുടമകൾ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഓഫീസുകളെ മാത്രം ആശ്രയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. അംഗീകൃത ഏജൻസികൾ വഴിയുള്ള റിക്രൂട്ട്‌മെന്റ് നിയമപരമായ കരാറുകളും സുതാര്യമായ നിരക്കുകളും ഉറപ്പുനൽകുമെന്നും പരാതികൾ ഉണ്ടാകുന്ന പക്ഷം മന്ത്രാലയത്തെ സമീപിക്കാൻ സാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.