ദുബൈയിൽ വ്യാജ സിക്ക് ലീവ് തട്ടിപ്പ്; ക്ലിനിക് ജീവനക്കാരിക്ക് തടവുശിക്ഷയും നാടുകടത്തലും
പെയ്ഡ് ലീവുകൾ നേടിയെടുക്കുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നൽകിയ കേസിൽ ക്ലിനിക് ജീവനക്കാരിൽ ചിലർക്കും കൂട്ടുപ്രതികൾക്കും ദുബൈ ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചു. വ്യാജരേഖ നിർമാണം, വിശ്വാസവഞ്ചന, കോർപറേറ്റ് തട്ടിപ്പ് എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. ശിക്ഷാ കാലാവധിക്കുശേഷം പ്രതികളെ നാടുകടത്താനും പിഴയും സാമ്പത്തിക നഷ്ടപരിഹാരവും ഈടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ക്ലിനിക്കിലെ ഇലക്ട്രോണിക് ഹെൽത്ത് പോർട്ടൽ ദുരുപയോഗം ചെയ്ത്, ആവശ്യമായ വൈദ്യപരിശോധനകൾ നടത്താതെ പഴയ തീയതികളിൽ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുകയും ഡോക്ടർമാരുടെ പേരിൽ വ്യാജ ഡിജിറ്റൽ ഒപ്പുകൾ പതിപ്പിക്കുകയുമായിരുന്നു ഇവരുടെ രീതി. ഒരു സർട്ടിഫിക്കറ്റിന് 100 ദിർഹം മുതൽ ആയിരത്തിലധികം ദിർഹം വരെ ഇവർ ഈടാക്കിയിരുന്നതായി പൊലീസ് കണ്ടെത്തി.
ജീവനക്കാർ തുടർച്ചയായി സിക്ക് ലീവുകൾ എടുത്തതിൽ സംശയം തോന്നിയ കമ്പനിയുടെ എച്ച്.ആർ. വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ നിയമനടപടികൾക്കും ജയിൽവാസത്തിനും നാടുകടത്തലിനും കാരണമാകും എന്നതിനാൽ പ്രവാസി ജീവനക്കാർ ഇക്കാര്യത്തിൽ കർശന ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
