സൗദി മന്ത്രാലയത്തിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റുകൾ; മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം
ഉപഭോക്താക്കളുടെ പരാതികൾ സ്വീകരിക്കുന്നുവെന്ന വ്യാജേന സെർച്ച് എഞ്ചിനുകൾ വഴി മന്ത്രാലയത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്ന വ്യാജ വെബ്‌സൈറ്റുകൾക്കും വ്യക്തികൾക്കുമെതിരെ സൗദി വാണിജ്യ മന്ത്രാലയം ഔദ്യോഗിക മുന്നറിയിപ്പ് നൽകി. ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഔദ്യോഗിക സ്ഥാപനങ്ങളല്ലെന്നും മന്ത്രാലയവുമായി ഇവയ്ക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും അധികൃതർ വ്യക്തമാക്കി. അംഗീകാരമില്ലാത്ത ഇത്തരം വ്യാജ ലിങ്കുകളുമായും വ്യക്തികളുമായും ഇടപഴകുമ്പോൾ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
പരാതികളും അന്വേഷണങ്ങളും സമർപ്പിക്കുന്നതിനായി മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ ചാനലുകളും ആപ്ലിക്കേഷനുകളും മാത്രം ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. ഉപഭോക്താക്കളെ ചതിയിൽപ്പെടുത്താൻ മന്ത്രാലയത്തിന്റെ പേര് ദുരുപയോഗം ചെയ്ത് നടത്തുന്ന ഇത്തരം വ്യാജ തട്ടിപ്പ് ശ്രമങ്ങളെ സുരക്ഷാ ഏജൻസികളുമായി ചേർന്ന് നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും, സൈബർ തട്ടിപ്പുകാർക്കും നിയമലംഘകർക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
