യുവാക്കൾക്കെതിരെ വ്യാജ ബലാത്സംഗാരോപണം; യുവതിക്ക് എട്ടര വർഷം തടവ്

  1. Home
  2. International

യുവാക്കൾക്കെതിരെ വ്യാജ ബലാത്സംഗാരോപണം; യുവതിക്ക് എട്ടര വർഷം തടവ്

VS


മൂന്ന് യുവാക്കൾക്കെതിരായി തെറ്റായ ബലാത്സംഗാരോപണം ഉന്നയിച്ചതിന് 22 -കാരിയായ യുവതി ജയിലിലായി. എലനോർ വില്ല്യംസ് എന്ന യുവതിയാണ് എട്ടര വർഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. 2020 മെയ് മാസത്തിലാണ് എലനോർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇടുന്നത്. അതിൽ അവളുടെ മുഖത്തും മറ്റും മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. താൻ പീഡിപ്പിക്കപ്പെട്ടു എന്നും സെക്‌സ് ട്രാഫിക്കിംഗിന്റെ ഇരയായി മാറി എന്നുമായിരുന്നു എലനോറിന്റെ ആരോപണം. ഒരു ലക്ഷത്തിലധികം ആളുകൾ പ്രസ്തുത പോസ്റ്റ് ഷെയർ ചെയ്തു. 

അവളുടെ പോസ്റ്റുകൾ അവളുടെ ജന്മനഗരമായ കുംബ്രിയയിലെ ബാരോ-ഇൻ-ഫർനെസിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾക്ക് കാരണമായി. 2016 -നും 2020 -നും ഇടയിൽ താൻ പീഡിപ്പിക്കപ്പെട്ടു എന്നായിരുന്നു എലനോർ പറഞ്ഞിരുന്നത്. നിരവധി പുരുഷന്മാരുടെ പേരുകളും അവൾ പറഞ്ഞു. ചുറ്റിക പോലെയുള്ള ആയുധങ്ങളുപയോഗിച്ച പാടുകളായിരുന്നു എലനോറിന്റെ ദേഹത്ത്. എന്നാൽ, പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ നിന്നും അവൾ തന്നെ ആ ആയുധങ്ങൾ വാങ്ങിയതായി കണ്ടെത്തി. 

എലനോറിന് ശിക്ഷ വിധിക്കുന്ന വേളയിൽ ജഡ്ജി റോബർട്ട് അൽതാം പറഞ്ഞത്, 'യുവതികളെ സെക്‌സ് ട്രാഫിക്കിംഗിന് ഇരയാക്കുന്നുണ്ട് എന്ന് ഞങ്ങൾക്കറിയാം. യഥാർത്ഥ ഇരകൾ പലപ്പോഴും അത് ഭയം കൊണ്ട് റിപ്പോർട്ട് ചെയ്യാറുമില്ല. എന്നാൽ, അവർ റിപ്പോർട്ട് ചെയ്താൽ അന്വേഷണം നടക്കും എന്ന് തനിക്ക് ഉറപ്പുണ്ട്. എന്നാൽ, അങ്ങനെ ഒരു കഥ കെട്ടിച്ചമച്ച എലനോറിന് യാതൊരു പശ്ചാത്തപവും ഇല്ല'എന്നാണ്. 

അതേ സമയം, എലനോർ ബലാത്സംഗം ചെയ്തു എന്ന് ആരോപിച്ചതിന്റെ പേരിൽ അറസ്റ്റിലായ മൂന്ന് യുവാക്കൾ പറയുന്നത്, തങ്ങൾ ശരിക്കും ആത്മഹത്യയുടെ വക്കിൽ എത്തിയിരുന്നു, മരിക്കാൻ തീരുമാനിച്ചിരുന്നു എന്നാണ്. ആരോപണം നേരിട്ടവരിൽ ഒരാൾ മുഹമ്മദ് റംസാൻ എന്ന യുവാവായിരുന്നു. അയാൾ തന്നെ ആംസ്റ്റർഡാമിലെത്തിച്ച് ലൈംഗികത്തൊഴിലാളിയായി വിൽക്കാൻ ശ്രമിച്ചു എന്നായിരുന്നു എലനോറിന്റെ ആരോപണം. എന്നാൽ, തനിക്ക് എലനോറിനെ കാര്യമായി അറിയുക പോലുമില്ല, സെക്‌സ് ട്രാഫിക്കിംഗ് സംഘവുമായി തനിക്കൊരു ബന്ധവുമില്ല എന്ന് റംസാൻ പറഞ്ഞു. അതേ സമയം എലനോർ ആംസ്റ്റർഡാമിൽ പോയിരുന്നു. എന്നാൽ, ആ സമയമെല്ലാം താനും കൂടെ ഉണ്ടായിരുന്നു എന്ന് എലനോറിന്റെ സഹോദരിയും വ്യക്തമാക്കി. 

മറ്റൊരാൾ ജോർദാൻ ട്രെൻഗോവ്, 73 ദിവസം ചെയ്യാത്ത ബലാത്സംഗക്കുറ്റത്തിന് ജയിലിൽ കിടന്നു. ബലാത്സംഗക്കുറ്റവാളികളുടെ കൂടെയായിരുന്നു സെല്ലിൽ ഇയാളെ പാർപ്പിച്ചിരുന്നത്. തന്നെ അത് വല്ലാതെ തകർത്തു കളഞ്ഞു എന്ന് ജോർദാൻ ട്രെൻഗോവ് പറഞ്ഞു. വിവിധ സിസിടിവി ദൃശ്യങ്ങൾ, സഹോദരി അടക്കമുള്ളവരുടെ മൊഴികൾ തുടങ്ങി വിശദമായ അന്വേഷണത്തിലാണ് എലനോർ പറഞ്ഞത് കള്ളമാണ് എന്ന് കണ്ടെത്തിയത്. 
ജയിലിൽ അടയ്ക്കുന്നതിന് മുമ്പ് വില്യംസ് ജഡ്ജിക്ക് ഒരു കത്ത് എഴുതിയിരുന്നു. അതിൽ താൻ ചില തെറ്റുകളെല്ലാം ചെയ്തു എന്നും അന്ന് താൻ ചെറുപ്പക്കാരിയും ആശയക്കുഴപ്പമുള്ളവളും ആയിരുന്നു എന്നും എലനോർ പറഞ്ഞു.