തീർഥാടകർക്ക് വേഗത്തിൽ സേവനം; ജിദ്ദ വിമാനത്താവളത്തിൽ പാസ്‌പോർട്ട് മേധാവിയുടെ പരിശോധന

  1. Home
  2. International

തീർഥാടകർക്ക് വേഗത്തിൽ സേവനം; ജിദ്ദ വിമാനത്താവളത്തിൽ പാസ്‌പോർട്ട് മേധാവിയുടെ പരിശോധന

jeddah


റമദാൻ മാസത്തിൽ ഉംറ നിർവഹിക്കാനെത്തുന്ന തീർഥാടകർക്ക് മികച്ച സൗകര്യങ്ങളും വേഗത്തിലുള്ള യാത്രാ നടപടികളും ഉറപ്പുവരുത്താൻ സൗദി പാസ്‌പോർട്ട് വിഭാഗം നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പാസ്‌പോർട്ട് മേധാവി ഇൻചാർജ് മേജർ ജനറൽ ഡോ. സാലിഹ് അൽമുറബ്ബ നേരിട്ടെത്തി. ടെർമിനലുകളിലെ ഒരുക്കങ്ങൾ നിരീക്ഷിക്കാനും ഉദ്യോഗസ്ഥരുടെ സന്നദ്ധത പരിശോധിക്കാനുമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.

വിമാനത്താവളത്തിലെ ഹജ്ജ്, ഉംറ ടെർമിനലുകൾക്ക് പുറമെ യാത്രക്കാരുടെ വരവും പോക്കും രേഖപ്പെടുത്തുന്ന ഹാളുകളിലും അദ്ദേഹം വിശദമായ പരിശോധന നടത്തി. യാത്രക്കാരുടെ നടപടിക്രമങ്ങൾ എത്രത്തോളം കാര്യക്ഷമമാണെന്ന് അളക്കുന്ന പാസ്‌പോർട്ട് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് കീഴിലെ പ്രത്യേക വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ചു. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സേവന നിലവാരം തത്സമയം വിലയിരുത്തുന്ന രീതികളും അദ്ദേഹം സന്ദർശനവേളയിൽ നിരീക്ഷിച്ചു.

റമദാനിലെ തിരക്ക് പരിഗണിച്ച് സേവന രംഗത്ത് ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മേജർ ജനറൽ നിർദ്ദേശിച്ചു. ലഭ്യമായ സാങ്കേതിക സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും പരമാവധി പ്രയോജനപ്പെടുത്തി തീർഥാടകരുടെ നടപടികൾ തടസ്സമില്ലാതെ പൂർത്തിയാക്കണം. രാജ്യത്തെത്തുന്ന അതിഥികളോട് മാന്യമായി പെരുമാറുന്നതിലൂടെ സൗദി അറേബ്യയുടെ മികച്ച പ്രതിച്ഛായ ഉയർത്തിപ്പിടിക്കണമെന്നും ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു.