ഫിഫ ലോകകപ്പ് 2026: പ്രത്യേക സ്മരണിക വെള്ളി നാണയം പുറത്തിറക്കി ഒമാൻ സെൻട്രൽ ബാങ്ക്
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളുടെ സംയുക്ത ആതിഥേയത്വത്തിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ സ്മരണയ്ക്കായി പ്രത്യേക വെള്ളി നാണയം പുറത്തിറക്കി. അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനുമായി (FIFA) സഹകരിച്ച് ഒമാൻ സെൻട്രൽ ബാങ്കാണ് (CBO) ഈ അപൂർവ്വ സ്മരണിക നാണയം വിപണിയിലെത്തിച്ചത്. ഏറ്റവും ഉയർന്ന സാങ്കേതിക നിലവാരത്തിൽ, 99.9 ശതമാനം ശുദ്ധമായ വെള്ളിയിലാണ് നാണയം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു ഒമാനി റിയാൽ മുഖവിലയുള്ള നാണയത്തിന് 38.61 മില്ലിമീറ്റർ വ്യാസവും 28.28 ഗ്രാം തൂക്കവുമുണ്ട്. ആകെ 5,000 സ്മരണിക നാണയങ്ങൾ മാത്രമാണ് ബാങ്ക് പുറത്തിറക്കിയിട്ടുള്ളത്.
ആകെ പുറത്തിറക്കിയ നാണയങ്ങളിൽ 1,000 എണ്ണം ഒമാനിലെ തദ്ദേശീയ വിപണിയിൽ വിൽപ്പനയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. ബാക്കി 4,000 നാണയങ്ങൾ ഫിഫയുടെ അംഗീകൃത വിതരണക്കാർ വഴി അന്താരാഷ്ട്ര വിപണിയിലാണ് ലഭ്യമാക്കുക. ജൂൺ 30 മുതൽ പൊതുജനങ്ങൾക്ക് ഈ നാണയങ്ങൾ വാങ്ങിത്തുടങ്ങാം. സെൻട്രൽ ബാങ്കിന്റെ റൂവി, സലാല, സുഹാർ ബ്രാഞ്ചുകൾ വഴിയും ഓപ്പറ ഗലേറിയയിലെ ഒമാൻ പോസ്റ്റ് വിൽപ്പന കേന്ദ്രം വഴിയും ആളുകൾക്ക് ഈ നാണയങ്ങൾ സ്വന്തമാക്കാവുന്നതാണ്.
ഒരു നാണയത്തിന് 73 ഒമാനി റിയാലാണ് പ്രാരംഭ വിലയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ആഗോള വിപണിയിലെ വെള്ളിയുടെ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്ക് അനുസരിച്ച് അന്തിമ വിലയിൽ മാറ്റം വന്നേക്കാമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 19 വരെയാണ് ആവേശകരമായ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.
