ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇനി വിമാനത്തിലും തത്സമയം കാണാം; ചരിത്ര കരാറുമായി 'സൗദിയ'

  1. Home
  2. International

ഫിഫ ലോകകപ്പ് മത്സരങ്ങൾ ഇനി വിമാനത്തിലും തത്സമയം കാണാം; ചരിത്ര കരാറുമായി 'സൗദിയ'

saudia


2026 ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ വിമാനത്തിനുള്ളിൽ തത്സമയം സംപ്രേഷണം ചെയ്യുന്നതിനായി ആഗോള സ്പോർട്സ് ഏജൻസിയായ ഐ.എം.ജി.യുമായി (IMG) കരാറൊപ്പിട്ട് സൗദി അറേബ്യയുടെ ദേശീയ എയർലൈനായ 'സൗദിയ'. ഇതോടെ, പറക്കുന്ന വിമാനത്തിലിരുന്ന് യാത്രക്കാർക്ക് ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാനുള്ള സൗകര്യമൊരുക്കുന്ന ലോകത്തിലെ ആദ്യ എയർലൈനായി സൗദിയ മാറി.

'സ്പോർട്ട് 24' (Sport 24) പ്ലാറ്റ്‌ഫോം വഴിയാണ് തിരഞ്ഞെടുത്ത വിമാനങ്ങളിൽ ഈ അത്യാധുനിക സേവനം ലഭ്യമാക്കുക. ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പ് ടൂർണമെന്റിലുടനീളം അതിവേഗ ഇന്റർനെറ്റ് സൗകര്യമുള്ള സൗദിയ വിമാനങ്ങളിൽ യാത്രക്കാർക്ക് ഈ സേവനം ആസ്വദിക്കാം. യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ വ്യക്തിഗത ഡിജിറ്റൽ ഉപകരണങ്ങളായ ഫോൺ, ടാബ്‌ലറ്റ്, ലാപ്‌ടോപ്പ് എന്നിവ വഴി മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ടൂർണമെന്റിന്റെ പ്രധാന ഹൈലൈറ്റുകളും തടസ്സമില്ലാതെ കാണാൻ സാധിക്കും.

ഡിജിറ്റൽ സാങ്കേതികവിദ്യകളിലെ നിക്ഷേപം സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുമെന്നും, ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം യാത്രക്കാർക്ക് ലോകോത്തര യാത്രാനുഭവം സമ്മാനിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും സൗദിയ ഗസ്റ്റ് എക്സ്പീരിയൻസ് മേധാവി റോസെൻ ദിമിട്രോവ് വ്യക്തമാക്കി. അത്യാധുനിക ആശയവിനിമയ സാങ്കേതികവിദ്യയും മികച്ച വിനോദ ഉള്ളടക്കങ്ങളും സമന്വയിപ്പിച്ച് കൂടുതൽ മികച്ച സേവനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്പോർട്ട് 24 പ്ലാറ്റ്‌ഫോമുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടത്. ഇത് മേഖലയിലെ മുൻനിര എയർ കാരിയർ എന്ന നിലയിൽ സൗദിയയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിന് പുറമെ, ഇംഗ്ലീഷ് പ്രീമിയർ ലീഗ്, വിംബിൾഡൺ, ഫോർമുല വൺ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കായിക മത്സരങ്ങളും ടൂർണമെന്റുകളും വർഷം മുഴുവനും തത്സമയം കാണാൻ ഈ പങ്കാളിത്തം യാത്രക്കാരെ സഹായിക്കും. നിലവിൽ സൗദി എയർലൈൻസിന്റെ മുപ്പതിലധികം വിമാനങ്ങളിൽ അതിവേഗ ഇൻ-ഫ്ലൈറ്റ് ഇന്റർനെറ്റ് സൗകര്യമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നിലവിലുള്ള വിമാനങ്ങളിലും പുതുതായി എത്തുന്ന വിമാനങ്ങളിലും ഈ അതിവേഗ ഇന്റർനെറ്റ് സംവിധാനം ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കമ്പനി അറിയിച്ചു.